Jayan's blog

My Photo
Name:
Location: Chennai, Tamil Nadu, India

Wednesday, August 31, 2005

ചില ചിത്രങ്ങള്‍.........


ലക്ഷ്മണക്ഷേത്രം


കാന്താരിയമഹാദേവക്ഷേത്രത്തിലെ ചില കൊത്തുപണികള്‍


കാലില്‍നിന്നു മുള്ളെടുക്കുന്ന സ്ത്രീവിഷ്ണുവും ലക്ഷ്മിയുംകാന്താരിയമഹാദേവക്ഷേത്രം


കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുക..........

ഖജുരാഹോ - II

പിറ്റേന്ന് രാവിലെ ഞങ്ങള്‍ വാടകയ്ക്ക്‌ രണ്ട്‌ സൈക്കിള്‍ എടുത്ത്‌ Eastern and Southern group-ലെ അമ്പലങ്ങള്‍ കാണാന്‍ പോയി. Southern group-ലെ ദുലാദേവക്ഷേത്രത്തിലേക്കാണ്‌ ആദ്യം ഞങ്ങള്‍ പോയത്‌. ചന്ദേലരഭരണത്തിന്റെ അവസാനകാലഘട്ടങ്ങളില്‍ (ഏതാണ്ട്‌ 1130-കളില്‍) മദനവര്‍മന്‍ പണികഴിപ്പിച്ച ഇത്‌ ഒരു ശിവക്ഷേത്രമാണ്‌. അവിടെനിന്ന് ഞങ്ങള്‍ ഒരു വിഷ്ണു ക്ഷേത്രമായ ചതുര്‍ഭുജക്ഷേത്രത്തിലേക്കാണ്‌. ഇതില്‍ ഒന്‍പതടി പൊക്കമുള്ള ഒരു വിഷ്ണുവിഗ്രഹം ഉണ്ട്‌. ലൈഗീകശില്‍പങ്ങള്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഒരമ്പലം കൂടിയാണിത്‌. ഇവിടുത്തെ കൊത്തുപണികള്‍ പ്രധാനമായും പുരാണകഥാപാത്രങ്ങള്‍ തന്നെയാണ്‌.

ഞങ്ങള്‍ പിന്നീട്‌ സന്ദര്‍ശിച്ചത്‌ ജൈന്‍ ക്ഷേത്രങ്ങളായ പാര്‍ശ്വനാഥക്ഷേത്രം, ആദിനാഥക്ഷേത്രം എന്നിവയാണ്‌. ഇതില്‍ പാര്‍ശ്വനാഥക്ഷേത്രമാണ്‌ വലുപ്പത്തിലും, ഭംഗിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. ഈ അമ്പലങ്ങള്‍ പാര്‍ശ്വനാഥന്‍, ആദിനാഥന്‍ എന്നീ ജൈന തീര്‍ത്ഥങ്കരന്മാരുടെ പേരിലുള്ള അമ്പലങ്ങളാണ്‌. ഒരു ജൈനക്ഷേത്രമായിട്ടുപോലും പാര്‍ശ്വനാതക്ഷേത്രത്തിന്റെ പുറംചുമരുകളില്‍ പ്രധാനമായും ഹിന്ദുദൈവങ്ങളുടേയും, അപ്സരസ്സുകളുടേയും ശില്‍പങ്ങളാണ്‌ കാണാന്‍ കഴിയുക. കാലില്‍നിന്നു മുള്ളെടുകുന്ന സ്ത്രീയുടെ ശില്‍പം ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ഒന്നാണ്‌. ശില്‍പങ്ങളുടെ ആകാരഭംഗിക്കും പ്രസിദ്ധമാണ്‌ ഈ ക്ഷേത്രം. ഇതിന്റെ തൊട്ടടുത്തായിട്ടാണ്‌ ആദിനാതക്ഷേത്രവും നിലകൊള്ളുന്നത്‌. ഇതിന്റെ അര്‍ദ്ധമണ്ഡപവും മണ്ഡപവും നശിച്ചുപോയിരിക്കുന്നു. ആകെ ശ്രീകോവില്‍ മാത്രമാണ്‌ ബാക്കിയുള്ളത്‌.

അവിടെനിന്ന് Eastern group-ലെ അടുത്ത അമ്പലത്തിലേക്കുള്ള യാത്ര ഖജുരാഹോഗ്രാമത്തിലൂടെയായിരുന്നു. മണ്ണൂകൊണ്ടുണ്ടാക്കിയ വളരെ ചെറിയ വീടുകളാണ്‌ പ്രധാനമായും അവിടെ കാണാന്‍ കഴിഞ്ഞത്‌. വഴിയുടെ രണ്ടുവശങ്ങളിലും നിരനിരയായിട്ടായിരുന്നു അവ നിലകൊണ്ടിരുന്നത്‌, ഏതാണ്ട്‌ ഒരു പാലക്കാടന്‍ പട്ടന്മാരുടെ ഗ്രാമം പോലെ. ഘണ്ടായിക്ഷേത്രം ഏതാണ്ട്‌ പൂര്‍ണ്ണമായി നശിച്ചു എന്നുതന്നെ പറയാം. നാലഞ്ചു തൂണുകള്‍ മാത്രമാണ്‌ അവശേഷിക്കുന്നത്‌. നിനോര തടാകത്തിന്റെ തീരത്താണ്‌ ബ്രഹ്മക്ഷേത്രം നിലകൊള്ളുന്നത്‌. ഇതും നശിച്ച നിലയിലാണ്‌, ശ്രീകോവില്‍ മാത്രം അവശേഷിക്കുന്നു. കൊത്തുപണികള്‍ ഒന്നും തന്നെ ബാക്കിയില്ലതാനും. ജാവരിക്ഷേത്രം പാടത്തിന്റെ നടുവിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇത്‌ ഒരു വിഷ്ണു ക്ഷേത്രമാണ്‌. ഇതിന്റെ അര്‍ദ്ധമണ്ഡപത്തിന്റെ മുകള്‍ഭാഗത്തിലെ കൊത്തുപണികള്‍ അതിമനോഹരങ്ങളാണ്‌. ഒറ്റനോട്ടത്തില്‍ മരത്തില്‍ ചെയ്തതാണെന്നു തോന്നിപ്പോകും. ഇതിന്നടുത്തുതന്നെ നിലകൊള്ളുന്ന വാമനക്ഷേത്രവും മറ്റൊരു വിഷ്ണുക്ഷേത്രമാണ്‌.

ഏതാണ്ട്‌ ഒരുമണിയായപ്പോഴേക്കും ഞങ്ങള്‍ ഈ ക്ഷേത്രദര്‍ശനങ്ങളെല്ലാം കഴിച്ച്‌ ഖജുരാഹോ ടൌണില്‍ തിരിച്ചെത്തി. ഈ യാത്രയില്‍, അമ്പലങ്ങളുടെ ഭംഗിമാത്രമല്ല, സൈക്കിളില്‍ ഗ്രാമപ്രദേശത്തുകൂടിയുള്ള യാത്രകൂടി ഞങ്ങള്‍ ആസ്വദിച്ചു. വളരെക്കാലത്തിനുശേഷമാണ്‌ ഇത്രയുമധികം ദൂരം സൈക്കിള്‍ ചവിട്ടുന്നത്‌. മലകളാല്‍ ചുറ്റപ്പെട്ടതും, വയലുകള്‍ നിറഞ്ഞതും ആയ ഒരു ഗ്രാമത്തിലൂടെ, വെയിലിന്‍ ചൂടേറ്റുവാങ്ങി, മാവിന്‍ തണലില്‍ കാറ്റുകൊണ്ടു വിശ്രമിച്ച്‌, തടാകക്കരയില്‍ പ്രകൃതിഭംഗിയാസ്വദിച്ച്‌, ഒരു ശതകത്തിലധികം കാലം പ്രകൃതിയോടു മല്ലിട്ട്‌ നിലകൊള്ളുന്ന അമ്പലങ്ങളെ ദര്‍ശിച്ച്‌ ഞങ്ങള്‍ തിരിച്ചെത്തിയപ്പോഴേക്കും രണ്ടുപേര്‍ക്കും തളര്‍ച്ചയും അതിനോടൊപ്പം തന്നെ ഒരു പുത്തനുണര്‍വ്വും ഉണ്ടായിരുന്നു. ഊണുകഴിച്ച്‌ ഞങ്ങള്‍ കുറച്ചുനേരം, ഏകദേശം 15 മിനിറ്റ്‌, ഹോട്ടല്‍ മുറിയില്‍ വന്ന് വിശ്രമിച്ചു. അതിനു ശേഷം ഒരു ഓട്ടോറിക്ഷയെടുത്ത്‌ പത്തൊന്‍പതു കിലോമീറ്റര്‍ ദൂരെയുള്ള റാണെ വെള്ളച്ചാട്ടം കാണാന്‍ പോയി.

ഖജുരാഹോയില്‍നിന്ന് വടക്കു-കിഴക്കു ഭാഗത്തായിട്ട്‌ കെന്‍ നദിയിലുള്ള ഒരു വെള്ളച്ചാട്ടമാണിത്‌. വെള്ളച്ചാട്ടത്തിന്‌ ഏതാണ്ട്‌ ഒരു കിലോമീറ്റര്‍ മുന്‍പില്‍ വച്ച്‌ വണ്ടിക്കും നമ്മള്‍ക്കുമുള്ള പ്രവേശനക്കൂലി കൊടുക്കണം. ഒരാള്‍ക്ക്‌ 10ക വീതവും, ഓട്ടൊറിക്ഷക്ക്‌ 40ക. യും, ഫോട്ടോ ക്യാമറക്ക 40ക. യും, വീഡിയോ കാമറക്ക്‌ 300ക. യും കൊടുക്കണം. പിന്നെ അവിടെ guide നിര്‍ബ്ബന്ധമാണ്‌. കുറച്ചുകാലം മുന്‍പെപ്പോഴൊ ഒരു കുടുംബം വന്ന്, തോന്നിയപോലെ എങ്ങോട്ടൊക്കെയോ പോയി, വെള്ളത്തില്‍ വീണു മരിച്ചു. അതിനുശേഷം അവിടെ കൊണ്ടുനടക്കാനും, അപകടത്തരങ്ങളൊന്നും കാണിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും ഒരോ ഗ്രൂപ്പിനും ഒരാളെ നിയോഗിക്കാന്‍ ഗവണ്‍മന്റ്‌ തീരുമാനിച്ചു. അതിന്‌ 25ക.യും നമ്മള്‍ കൊടുക്കണം. അനേകായിരം കൊല്ലങ്ങള്‍ക്കുമുന്‍പ്‌ അവിടെ ഒരു അഗ്നിപര്‍വ്വതം പൊട്ടിയെന്നും അതില്‍നിന്നും ഒലിച്ചുവന്ന ലാവ ഉറച്ചതാണ്‌ അവിടെകാണുന്ന പാറകള്‍ എന്നുമാണ്‌ ഞങ്ങളുടെ guide
പറഞ്ഞത്‌. അവിടുത്തെ പാറകള്‍ കണ്ടാല്‍ അദ്ദേഹം പറഞ്ഞത്‌ ശരിയാണെന്നു തോന്നുകയും ചെയ്യും. ഗ്രാനൈറ്റ്‌, ഡോളോമൈറ്റ്‌, ക്വാര്‍ട്സ്‌ തുടങ്ങിയ പലതരത്തിലും പല വര്‍ണ്ണത്തിലുമുള്ള പാറകള്‍ ഇടകലര്‍ന്ന് അവിടെ കാണാം. പരന്നു കിടക്കുന്ന ഈ പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ വെള്ളം പ്രവഹിക്കുന്നു. കുറച്ചുദൂരത്തെ ഈ സമതലത്തിലൂടെയുള്ള ഒഴുക്കിനു ശേഷം പല ആകാരത്തിലും, പല വഴികളിലൂടെയും 20-30 മീറ്റര്‍ താഴേക്കു പതിക്കുന്നു. ഞങ്ങള്‍ ചെല്ലുന്നതിനു 3-4 ദിവസം മുന്‍പ്‌, അതിശക്തമായ മഴമൂലം അവിടം മുഴുവന്‍ വെള്ളമായിരുന്നു. പാറയേതാണ്‌, നദിയേതാണെന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധമായിരുന്നു. ഇവിടെ പ്രധാനമായും രണ്ടു വെള്ളച്ചാട്ടമാണുള്ളത്‌. അതില്‍ ഒരെണ്ണം 20മീറ്റര്‍ പൊക്കമുള്ളതും മറ്റേത്‌ 30മീറ്റര്‍ പൊക്കമുള്ളതുമാണ്‌. മഴക്കാലത്ത്‌ വലിയ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക്‌ പോകാന്‍ സാധ്യമല്ല. വേനല്‍ക്കാലത്തും അവിടേക്ക്‌ പോകാന്‍ പാടില്ല, പക്ഷേ ഈ ഗൈഡുകള്‍ക്ക്‌ കുറച്ചു കൈക്കൂലി കൊടുത്താല്‍ അവര്‍ നമ്മളെ അവിടം വരെ കൊണ്ടുപോകും. ഞങ്ങള്‍ക്കെന്തായാലും വലിയ വെള്ളച്ചാട്ടം അടുത്തുനിന്നു കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. എങ്കിലും അകലെ നിന്നു കണ്ടാസ്വദിച്ചു. പച്ച, ചുമപ്പ്‌, കറുപ്പ്‌, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള പാറകള്‍ ഇടകലര്‍ന്നിരിക്കുന്നതിനിടയിലൂടെ പ്രതലത്തിനു മുകളിലായി മഴവില്ല് പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ഒഴുകിനടക്കുന്ന കെന്‍ നദിയുടെ കാഴ്ച അതിമനോഹരം തന്നെയാണ്‌. ഒരു മണിക്കൂറിലധികം ആ അസുലഭ സൌന്ദര്യം ആസ്വദിച്ച്‌ ഞങ്ങള്‍ അവിടെ നിന്നു. അതിനുശേഷം മടങ്ങി.

വൈകുന്നേരത്തിനു മുന്‍പു തന്നെ ഞങ്ങള്‍ തിരിച്ചെത്തി. തല്‍ക്കാലം വേറൊന്നും കാണാനില്ലാത്തതുകൊണ്ട്‌ ഞങ്ങള്‍ ലക്ഷ്മണക്ഷേത്രത്തിന്റേയും, കന്താരിയ മഹാദേവക്ഷേത്രത്തിന്റേയും, വിശ്വനാഥക്ഷേത്രത്തിന്റേയും ഭംഗി ഒന്നുകൂടി ആസ്വദിക്കാനായി അങ്ങോട്ടുകയറി. മേഘം ഒട്ടുംതന്നെ ഇല്ലാത്ത തെളിഞ്ഞ ഒരു ദിവസമായിരുന്നു അത്‌. അസ്തമയസൂര്യന്റെ കിരണങ്ങളാല്‍ സ്വര്‍ണ്ണപ്പട്ടുപുതച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങളെ എത്രനേരം നോക്കിയിരുന്നാലും മതിവരില്ല!!! അസ്തമയം കഴിഞ്ഞ്‌ കിളികള്‍ കൂടുകളിലേക്ക്‌ ചേക്കേറിത്തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ അവിടെനിന്നും ഇറങ്ങി. അവിടെയുള്ള മ്യൂസിയത്തിന്റെ അങ്കണത്തില്‍ നില്‍ക്കുന്ന ഒന്നുരണ്ടു മരങ്ങളില്‍ നിറയെ തത്തകള്‍. ഒരു യൂക്കാലി മരത്തിന്മേല്‍ ഇലകളേക്കാള്‍ കൂടുതല്‍ തത്തകളായിരുന്നു. തത്തകളുടെ ബഹളം അവിടുത്തെ മറ്റെല്ലാ ശബ്ദത്തേയും കവച്ചുവച്ചിരുന്നു. കുറച്ചുനേരം ആ 'സംഗീത'വും ആസ്വദിച്ചതിനു ശേഷം അത്താഴം കഴിച്ച്‌ ഹോട്ടല്‍ മുറിയിലേക്ക്‌ തിരിച്ചു. പിറ്റേന്ന് രാവിലെ 7മണിക്കുള്ള ബസ്സില്‍ തിരിച്ച്‌ സത്നയിലേക്കും അവിടെനിന്ന് 12മണിക്ക്‌ ട്രെയിനില്‍ അലഹബാദിലേക്കും ഞങ്ങള്‍ യാത്രചെയ്തു. വൈകുന്നേരം അഞ്ചുമണിയോടുകൂടി സുന്ദരദൃശ്യങ്ങള്‍ ക്യാമറയിലും മനസ്സിലും നിറച്ച്‌ ഞങ്ങളുടെ കൊട്ടാരത്തില്‍ തിരിച്ചെത്തി.

Tuesday, August 30, 2005

ഖജുരാഹോ - I

കുറച്ചു കാലമായിട്ട്‌ മനസ്സില്‍ കിടന്നുകളിക്കുന്ന ഒരാഗ്രഹമായിരുന്നു ഖജുരാഹോ സന്ദര്‍ശനം. രണ്ടുദിവസത്തെ അവധി കിട്ടുകയും, കാലാവസ്ഥ അനുകൂലമാകുമെന്നു ചില websites പ്രവചിക്കുകയും ചെയ്തപ്പോള്‍, പോകാന്‍ തന്നെ തീരുമാനിച്ചു. വ്യാഴാച കാലത്ത്‌ 2:30-ന്‌ ഞങ്ങള്‍ ഇവിടെനിന്നും പുറപ്പെട്ടു. മുസഫര്‍പൂരില്‍ നിന്നും മുംബയിലേക്കു പോകുന്ന വണ്ടിക്കു സത്ന വരെ പോയി. 3:15-ന്‌ വരേണ്ട വണ്ടി എത്തിയപ്പോഴേക്കും 4:30 ആയി. വണ്ടി സത്നയിലെത്തിയപ്പോള്‍ 8:30. സത്ന സ്റ്റേഷനില്‍ത്തന്നെ ഒരു മദ്ധ്യപ്രദേശ്‌ ടൂറിസത്തിന്റെ ഒരു ഓഫീസ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവിടെ നിന്ന് ഖജുരഹോയിലേക്കുള്ള അടുത്ത വണ്ടി 9 മണിക്കാണെന്ന് മനസ്സിലാക്കിയ ഞങ്ങള്‍, ഉടന്‍ തന്നെ ബസ്സ്‌ സ്റ്റാന്‍ഡിലേക്കു തിരിച്ചു. ചെറിയ ബസ്സ്‌. അഞ്ചര അടി പൊക്കമുള്ള ഞാന്‍ ഇരുന്നാല്‍ തന്നെ മുട്ട്‌ മുന്‍പിലത്തെ സീറ്റിന്മേലിടിക്കും. വളരെ ബുദ്ധിമുട്ടി ഞെരുങ്ങി അതിലിരുന്നു. വണ്ടി 9:15-ന്‌ പുറപ്പെട്ടു. അവിടേക്കുള്ള വഴി മഹാമോശമാണെന്നുള്ള മുന്നറിയിപ്പു ഞങ്ങള്‍ക്കു കിട്ടിയിരുന്നു. പക്ഷേ യാത്ര തുടങ്ങിയപ്പോള്‍, പ്രതീക്ഷിച്ചതിലും ഭേദമാണെന്നു മനസ്സിലായി. വണ്ടി വേഗം തന്നെ ടൌണ്‍ വിട്ടു. ചുറ്റും പച്ചപ്പു നിറഞ്ഞ സമതലപ്രദേശങ്ങളായിരുന്നു. ഒരു ചെറിയ കുന്നുപോലും സമീപത്തൊന്നും കാണാനുണ്ടായിരുന്നില്ല. ഒരാഴ്ചയായി പെയ്തുകൊണ്ടിരുന്ന മഴ കാരണം, പാടങ്ങള്‍ താല്‌ക്കാലിക കുളങ്ങളായും, കുളങ്ങളും കായലുകളും കരകവിഞ്ഞും ഒഴുകിയിരുന്നു. മഴക്കാലം പച്ചപ്പട്ടുപുതപ്പിച്ച ആ സമതലപ്രദേശങ്ങളിലൂടെയുള്ള യാത്ര വളരെ നയനാനന്ദകരമായിരുന്നു. ദേവേന്ദ്രനഗരി എന്ന സ്ഥലത്ത്‌ എത്തുന്നതിനു കുറച്ചു മുന്‍പു തുടങ്ങി, അവിടം കഴിയുന്നതു വരെ റോഡു മഹാമോശമായിരുന്നു. അതിനു ശേഷം പന്ന എന്ന സ്ഥലത്തും കുറച്ചു ദൂരം മോശം റോഡായിരുന്നു. ഇതൊഴിച്ചാല്‍, വഴി വളരെ നല്ലതായിരുന്നു. പന്ന കഴിഞ്ഞു കുറച്ചുദൂരം സഞ്ചരിച്ചപ്പോഴേക്കും അവിടിവിടെയായി ചില കുന്നുകള്‍ കാണാന്‍ തുടങ്ങി. Panna tiger sanctuary ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ആ reserve forest-ന്റെ ഉള്ളിലൂടെ സഞ്ചരിച്ച്‌, ബസ്സ്‌ ഏതാണ്ട്‌ 1 മണി ആയപ്പോഴേക്കും ഖജുരാഹോയിലെത്തി. ഒരു ഹോട്ടലില്‍ മുറിയെടുത്ത്‌ ബാഗുകള്‍ അവിടെ നിക്ഷേപിച്ച്‌, cameras-ഉം കയ്യിലെടുത്ത്‌ ഉടന്‍ തന്നെ പുറത്തിറങ്ങി. ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ആദ്യം പോയത്‌, Western group of temples-ലേക്കാണ്‌.

ഖജുരാഹോയിലെ അമ്പലങ്ങള്‍ എല്ലാം തന്നെ ചന്ദേലരാജാക്കന്മാര്‍ ഉണ്ടാക്കിയതായിട്ടാണ്‌ കരുതപ്പെടുന്നത്‌. ഈ അമ്പലങ്ങളെ പ്രധാനമായും മൂന്നു ഗ്രൂപ്പുകളായിട്ട്‌ തിരിച്ചിരിക്കുന്നു, Western, Eastern and Sourthern. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും, ഏറ്റവും സുന്ദരങ്ങളായ അമ്പലങ്ങള്‍ ഉള്‍പ്പെട്ടതും western group-ല്‍ ആണ്‌. ഖജുരാഹോയിലെ എല്ലാ അമ്പലങ്ങളും പൊക്കമുള്ള തറയിലാണ്‌ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌. എല്ലാ അമ്പലങ്ങള്‍ക്കും ഒരു പൊതുനിര്‍മ്മാണശൈലിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌; കയറിവരുമ്പോളുള്ള അര്‍ദ്ധമണ്ഡപം, മണ്ഡപം, ഗര്‍ഭഗൃഹം (ശ്രീകോവില്‍ പോലെ ഒന്ന്). ഖജുരാഹോയിലെ അമ്പലങ്ങളുടെ ഒരു പൊതുവായ theme സ്ത്രീ എന്നതാണ്‌. സ്ത്രീയുടെ പല രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ശില്‍പങ്ങള്‍ ഇവിടെ കാണാം; ദൈവങ്ങളുടെ രൂപങ്ങളില്‍ (പാര്‍വ്വതി, ലക്ഷ്മി, ഗംഗ), നര്‍ത്തകികള്‍, വീട്ടുവേലചെയ്യുന്നവര്‍, പിന്നെ പലരീതിയിലും ലൈംഗികവേഴ്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. സ്തീയുടെ രൂപഭംഗി അതിമനോഹരമായി കൊത്തിവച്ചിരിക്കുകയാണ്‌ ഈ അമ്പലങ്ങളുടെ ചുറ്റും. തന്റെ രൂപഭംഗി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ കാമുകനെ ആകര്‍ഷിക്കുന്ന സ്ത്രീയുടെ മുഖഭാവങ്ങള്‍ വരെ ഇവര്‍ ഭംഗിയായി പകര്‍ത്തിയിരിക്കുന്നു. സ്ത്രീവിഷയം മാത്രമല്ല ശില്‍പങ്ങളില്‍. യുദ്ധം, നൃത്തം, ദൈനംദിനജോലികള്‍, performing arts groups തുടങ്ങി നിരവധി വിഷയങ്ങള്‍ ശില്‍പങ്ങളായി ഇവിടെ നിലകൊള്ളുന്നു. ഏതാണ്ട്‌ നൂറുവര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കപ്പെട്ട 85 അമ്പലങ്ങളില്‍ ഇരുപതോളം എണ്ണമേ ഇന്ന് നിലനില്‍ക്കുന്നുള്ളൂ. ചന്ദേലരാജ്യത്തിന്റെ അധ:പതനത്തിനുശേഷം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഇത്‌ പിന്നീട്‌ ബ്രിട്ടീഷുകാരാണ്‌ കണ്ടെടുത്ത്‌ പുനരുദ്ധരിപ്പിച്ച്‌ കൊണ്ടുവന്നത്‌. എല്ലാ അമ്പലങ്ങളേയും പറ്റി വിസ്തരിച്ചെഴുതുക എന്നുള്ളത്‌ ഒരു വിഷമകരമായ സംഗതിയാണ്‌. അതുകൊണ്ട്‌, എനിക്കേറ്റവും ഇഷ്ടപ്പെട്ടതായിട്ടുള്ള ചിലവയെക്കുറിച്ച്‌ എഴുതാം.

ആദ്യം ഞങ്ങള്‍ പോയത്‌ വിഷ്ണുവിന്റെ അമ്പലമായ ലക്ഷ്മണക്ഷേത്രത്തിലേക്കാണ്‌. യശോവര്‍മ്മന്‍ രാജാവ്‌ 930-950AD കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ അമ്പലം ഏറ്റവും പഴക്കമേറിയവയില്‍ ഒന്നാണ്‌. സുന്ദരങ്ങളായ കൊത്തുപണികള്‍ ധാരാളമുള്ള ഒരു അമ്പലമാണിത്‌. ഇതിന്റെ പൊക്കമുള്ള തറയുടെ പാര്‍ശ്വഭാഗങ്ങളില്‍ക്കൂടി ധാരാളം ശില്‍പങ്ങള്‍ കൊത്തിവച്ചിരിക്കുന്നതു കാണാം. ഇതിന്റെ മുന്‍ഭാഗത്തുതന്നെ ലക്ഷിയുടെ ഒരമ്പലവും, വരാഹക്ഷേത്രവും കാണാം. ഇതില്‍ വരാഹക്ഷേത്രത്തില്‍ ഒന്‍പതടി പൊക്കമുള്ള വരാഹ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. അതിന്റെ ചുറ്റും വളരെചെറിയ വളരെയധികം കൊത്തുപണികള്‍ നടത്തിയിട്ടുണ്ട്‌. ലക്ഷ്മണക്ഷേത്രത്തിന്റെ ചുമരുകളിലുള്ള കൊത്തുപണികള്‍ അതിമനോഹരങ്ങളാണ്‌.

ഖജുരഹോ അമ്പലങ്ങളില്‍ ഏറ്റവും വലുപ്പമുള്ളതും ഭംഗിയുള്ളതും എന്ന് അറിയപ്പെടുന്ന അമ്പലം കാന്താരിയക്ഷേത്രമാണ്‌. 1025-1050 കാലഘട്ടത്തില്‍ പണികഴിപ്പിക്കപ്പെട്ട ഈ ശിവക്ഷേത്രം, ലക്ഷ്മണക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഈ അമ്പലത്തിന്റെ തറയുടെ
പാര്‍ശ്വഭാഗങ്ങളില്‍ അധികം കൊത്തുപണികളൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും, ചുമരുകളിലെ കൊത്തുപണികള്‍ അതിസുന്ദരം തന്നെയാണ്‌. ഇതില്‍ സ്ത്രീകള്‍ പല വൃത്തികളില്‍ വ്യാപൃതരായിരിക്കുന്ന കൊത്തുപണികള്‍ കാണാന്‍ കഴിയും; എഴുത്തെഴുതിക്കൊണ്ടിരിക്കുന്ന സ്ത്രീ, പന്തുകളിക്കുന്ന സ്ത്രീ, മുഖം മിനുക്കുന്ന സ്ത്രീ തുടങ്ങിയ അനവധി കൊത്തുപണികളാല്‍ അലങ്കൃതമാണ്‌ ഇതിലെ പുറംചുമരുകള്‍. തെക്കും വടക്കും ഭാഗത്തുള്ള ചുമരുകളുടെ മദ്ധ്യഭാഗത്തായി ലൈംഗീകവേഴ്ചകളുടെ കൊത്തുപണികള്‍ കാണാന്‍ കഴിയും. അവിടെ കണ്ടതില്‍ വച്ച്‌ ഏറ്റവും strange sexual position എന്ന് തോന്നിച്ചത്‌ ഇവിടുത്തെ ചില കൊത്തുപണികളാണ്‌ (തലകീഴായി തൂങ്ങിക്കിടന്ന് ലൈംഗികവേഴ്ച നടത്തുന്ന ഒരു ശില്‍പം ഇവിടെയുണ്ട്‌!!!).

Western group-ലെ തന്നെ മറ്റൊരു ഗംഭീരന്‍ അമ്പലമാണ്‌ വിശ്വനാഥക്ഷേത്രം. ധംഗ എന്ന ചന്ദേലരാജാവ്‌ 1002-ല്‍ പണികഴിപ്പിച്ച ക്ഷേത്രമാണിത്‌. മറ്റമ്പലങ്ങള്‍ പോലെതന്നെ ഇതിന്റെ ചുമരുകളും ഭംഗിയുള്ള കൊത്തുപണികളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ മുന്‍പില്‍ത്തന്നെ നന്ദികേശന്റെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്‌. ഇതിന്റെ ഉള്ളില്‍ മാര്‍ബിളില്‍ തീര്‍ത്ത ഒരു ശിവലിംഗവുമുണ്ട്‌. കാന്താരിയക്ഷേത്രത്തിന്റെ തന്നെ മാതൃകയില്‍ പണിതിരിക്കുന്ന ഒരമ്പലമാണിത്‌.

വൈകുന്നേരം വരെ അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങല്‍ ഹോട്ടല്‍ മുറിയിലേക്കു തിരിച്ചുപോയി. കുളിയൊക്കെ കഴിഞ്ഞ്‌, രാത്രിയിലെ light and sound show കാണാന്‍ തയ്യാറായി ഏഴരയായപ്പോഴേക്കും തിരിച്ചെത്തി. 50 രൂപയാണ്‌ പ്രവേശനക്കൂലി. അവിടെതന്നെ ഉള്ള ഒരു മൈതാനിയില്‍ ഇരിക്കുവാനുള്ള സൌകര്യം അവര്‍ ഒരുക്കിയിട്ടുണ്ട്‌. അവിടെ ഇരുന്നു കൊണ്ട്‌ Western group-ലുള്ള അമ്പലങ്ങളുടെ ചരിത്രം വിസ്തരിച്ച്‌ കേള്‍ക്കാം. കൂടെ തന്നെ, സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച്‌, ഓരോരോ അമ്പലങ്ങള്‍ അവയുടെ ചരിത്രം പറയുന്നതിനോടൊപ്പം illuminate ചെയ്യുന്നു. ഏതാണ്ട്‌ 50 മിനിറ്റ്‌ നീണ്ട ഈ പരിപാടി വളരെ രസകരമാണ്‌. Photograph എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഒരു tripod കൊണ്ടുപോയാല്‍ തന്നേ illuminated temples-ന്റെ ഫോട്ടോ ഭംഗിയായി എടുക്കാന്‍ സാധിക്കുകയുള്ളൂ.

രണ്ടാംദിവസത്തിന്റെ കഥ അടുത്തലക്കത്തില്‍..............................

Wednesday, August 24, 2005

മറ്റൊരു യാത്ര..........

ഇനി നാലു ദിവസം അവധി. നാളെ ഇവിടെ പഞ്ചായത്ത്‌ ഇലക്ഷന്‍, മറ്റന്നാള്‍ ജന്മാഷ്ടമി, പിന്നെ ശനിയും ഞായറും. നാലു ദിവസം ഇവിടെ വെറുതെ ഇരിക്കാന്‍ തോന്നുന്നില്ല. അതുകൊണ്ട്‌ ഒരു യാത്ര പോകുന്നു, ഖജുരാഹോയിലെ അമ്പലങ്ങള്‍ കാണാന്‍. ഇവിടെനിന്ന് നാളെ രാവിലെ പുറപ്പെടും. സത്ന എന്ന സ്ഥലം വരെ തീവണ്ടിയില്‍, അവിടെനിന്ന് ബസ്സില്‍ നാലു മണിക്കൂറിലധികം യാത്രചെയ്താല്‍ ഖജുരാഹോയിലെത്താം. ശനിയാഴ്ചയോ ഞായറാഴ്ചയോ തിരിച്ചെത്തും.

വീണ്ടൂം സന്ധിക്കും വരൈക്കും, വണക്കം..........

സിനിമോത്സവം - II

Film festival-ലെ വ്യാഴാഴ്ചത്തെ സിനിമ ഫെല്ലിനിയുടെ തന്നെ മറ്റൊരു ക്ലാസ്സിക്‌ ആയ "ലാ സ്ത്രാദ" ആയിരുന്നു. നാടുകള്‍തോറും ചുറ്റിനടന്ന് അഭ്യാസപ്രകടനങ്ങള്‍ ചെയ്യുന്ന "സമ്പാനോ" എന്നയാള്‍ തന്റെ സംഘത്തിലേക്ക്‌ "ജെത്സോമിന" എന്ന യുവതിയെ എടുക്കുന്നു. അവള്‍ വളരെ ഉത്സാഹിയാണെങ്കിലും, പൂര്‍ണ്ണമായും അവഗണിക്കപ്പെടുന്നു. ഈ അവഗണനയും, സമ്പാനോയുടെ പരുക്കന്‍ സ്വഭാവവും ജെത്സോമിനയുടെ ജീവിതം ഒരു മടുപ്പിലേക്കു നയിക്കുന്നു. അവള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, വീണ്ടും സമ്പാനോയുടെ കയ്യില്‍ തന്നെ വന്നു ചേരുന്നു. ചില പ്രത്യേകസാഹചര്യത്തില്‍ ഒരു കൊലപാതകത്തിനു സാക്ഷിയാകേണ്ടി വരുന്നതുമൂലം ജെത്സോമിനയുടെ മാനസിക സമനില തെറ്റുന്നു. സമ്പാനോ അവളെ വഴിയിലുപേക്ഷിച്ചു പോകാന്‍ നിര്‍ബദ്ധനാകുന്നു. സമ്പാനോയുടെ പരുക്കന്‍ കഥാപാത്രവും, ജെത്സോമിനയുടെ ഒരു ചെറിയകുട്ടിയുറ്റേതുപോലുള്ള കഥാപാത്രവും, വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്‌. ഫെല്ലിനിയുടെ മറ്റൊരു ക്ലാസ്സിക്‌.............

വെള്ളിയാഴ്ച ജപ്പാനീസ്‌ സംവിധായകനായ അകിര കുറോസാവയുടെ "റാന്‍" എന്ന ചിത്രമായിരുന്നു. ഹിദെതൊറ എന്ന രാജാവ്‌ അദ്ദേഹത്തിന്റെ 70-ാ‍ം വയസ്സില്‍ മക്കള്‍ക്കു അധികാരം കൈമാറുന്നു. അധികാരം ലഭിച്ച മക്കള്‍, അച്ഛനെതിരെ തിരിയുന്നു. രാജപദവിയും,
മക്കളുമായുള്ള ഏറ്റുമുട്ടലില്‍ രാജഗൃഹവും ഉപേക്ഷിക്കേണ്ടിവന്ന ഹിദെതൊറയെ അദ്ദേഹത്തിന്റെ ഭൂതകാല ചെയ്തികള്‍ തിരിച്ചടി നല്‍കുന്നതാണ്‌ സിനിമയുടെ ഇതിവൃത്തം.

ശനിയാഴ്ച മറ്റൊരു പ്രസിദ്ധ സിനിമയായ The bicycle thief ആയിരുന്നു. രണ്ടുകൊല്ലത്തെ തൊഴിലില്ലായ്മക്കൊടുവിലായി അന്റോണിയൊ എന്നയാള്‍ക്ക്‌, പോസ്റ്റര്‍ ഒട്ടിക്കുന്ന ഒരു ജോലി കിട്ടുന്നു. ആ ജോലിക്ക്‌ സൈക്കിള്‍ നിര്‍ബ്ബന്ധമാണ്‌. കയ്യിലുള്ള പല വിലപിടിപ്പുള്ള സാധനങ്ങളും വിറ്റ്‌, അയാള്‍ ഒരു സൈക്കിള്‍ സംഘടിപ്പിച്ച്‌ ജോലിക്കു ചേരുന്നു. വളരെ സന്തോഷവാനായി ആദ്യദിവസം ജോലിക്കു പോകുന്ന അയാളുടെ സന്തോഷം അധികം നീണ്ടു നില്‍ക്കുന്നില്ല. അയാളുടെ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു. സൈക്കിള്‍ കണ്ടുപിടിക്കാനുള്ള ശ്രമം വിജയിക്കാതെ നിരാശനായിത്തീരുന്ന അയാള്‍ അവസാനം മറ്റൊരു സൈക്കിള്‍ മോഷ്ടിക്കാന്‍ നോക്കുകയും, പിടിക്കപ്പെടുകയും ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിലെ തൊഴിലില്ലായ്മയെ ആസ്പദമാക്കി വളരെ ഭംഗിയായി മനസ്സില്‍ തട്ടുന്ന വിധം അവതരിപ്പിച്ചിട്ടുള്ള ഒരു ചിത്രമായിരുന്നു ഇത്‌.

ഈ മേളയിലെ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഞായറാഴ്ച പ്രദര്‍ശിപ്പിച്ച മജിദ്‌ മജിദിയുടെ Children of Heaven ആയിരുന്നു. വളരെ ലളിതമായൊരു കഥയെ അതിസുന്ദരമായി അവതരിപ്പിക്കുന്നതിന്റെ ഒരു ഉത്തമോദാഹരണമാണീ സിനിമ. Ali-യും Zhara-യും വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ സഹോദരീ സഹോദരന്മാരാണ്‌. ഒരു ദിവസം Zhara-യുടെ ചെരുപ്പു നഷ്ടപ്പെടുന്നു. അച്ഛനമ്മമാരെ അറിയിച്ചാല്‍ തല്ലുകിട്ടുമെന്ന ഭയത്താല്‍, അവരെ അറിയിക്കാതെ കഴിക്കാന്‍ ഇവര്‍ അലിയുടെ ചെരുപ്പു share ചെയ്യുന്നു. ഒരു ദിവസം അലി ഒരു ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നു. ആ മത്സരത്തില്‍ മൂന്നാം സമ്മാനം ഒരു ജോടി ഷൂസുകളാണ്‌. അലി മൂന്നാമതെത്താന്‍ ശ്രമിക്കുമെങ്കിലും അവസാനം ഒന്നാമതെത്തുന്നു. ഒന്നാമതെത്തിയതിന്റെ സങ്കടവുമായി അലി വീട്ടില്‍ തിരിച്ചെത്തുന്നു. അപ്പോഴേക്കും അവരുടെ അച്ഛന്‍ Zhara-ക്ക്‌ പുതിയ ഒരു ഷൂ വാങ്ങിക്കൊടുക്കുന്നു.

ഈ സിനിമകളില്ലാം തന്നെ എന്നെ ആകര്‍ഷിച്ചത്‌ ആഖ്യാനശൈലിയാണ്‌. ഒരു സൈക്കിള്‍ മോഷണം പോകുന്നതോ, ദാരിദ്ര്യത്തിന്റെ നടുവില്‍ ജീവിക്കുന്ന ഒരു കുട്ടിയുടെ ചെരുപ്പു നഷ്ടപ്പെടുന്നതോ അല്ലെങ്കില്‍ ഒരു പശ്ചാത്തപത്തില്‍ നിന്നുടലെടുക്കുന്ന പ്രേമമോ ഒരു ഗംഭീരന്‍ മൂലകഥ എന്നു തോന്നുകയില്ല. പക്ഷേ അവരുടെ കഥ പറയുന്ന ശൈലിയാണ്‌ മനോഹരം. ഉദാഹരണത്തിന്‌, അക്കിര കുറോസാവയുടെ സിനിമയുടെ മൂലകഥ നോക്കുകയാണെങ്കില്‍, ഇന്ത്യന്‍ സിനിമകളില്‍ അത്തരം theme കൈകാര്യം ചെയ്ത അനവധി സിനിമകള്‍ കാണാന്‍ കഴിയും. പക്ഷേ അവതരണത്തിന്റെ കേമത്തം തന്നെയാണ്‌ ഈ സിനിമകളെ
ക്ലാസ്സിക്കുകളാക്കിത്തീര്‍ക്കുന്നത്‌.

കൂടുതല്‍ വിസ്തരിച്ചെഴുതണം എന്നൊക്കെയുണ്ട്‌. സമയമില്ലായ്മയാണ്‌ ഒരു പ്രധാന പ്രശ്നം. എന്നാലാവും വിധം ചെയ്യുന്നു.................

Tuesday, August 23, 2005

സിനിമോത്സവം - I

കഴിഞ്ഞയാഴ്ച കുറച്ചു നല്ല സിനിമകള്‍ കണ്ടു. ഇവിടുത്തെ movie club നടത്തിപ്പുകാരില്‍ ഉത്സാഹികളായ ചിലര്‍ ഒരു film festival സംഘടിപ്പിച്ചു. ചിലരുടെ personal collections-ല്‍ നിന്നും കടമെടുത്താണ്‌ ഈ സിനിമകളെല്ലാം തന്നെ കാണിച്ചതെന്നാണറിഞ്ഞത്‌. ഇനി ഞാന്‍ കണ്ട ചില സിനിമകളെക്കുറിച്ച്‌:

ഒരു മാസത്തെ യാത്രകഴിഞ്ഞ്‌ ഞാന്‍ തിരിച്ചെത്തിയത്‌ തിങ്കളാഴ്ചയാണ്‌. ശനിയാഴ്ചയാണ്‌ ഈ സിനിമോത്സവം തുടങ്ങിയത്‌. രണ്ടു ദിവസത്തെ സിനിമകള്‍ എനിക്കു നഷ്ടമായി. തിങ്കളാഴ്ച സത്യജിത്‌ റേയുടെ "ശത്‌രഞ്ജ്‌ കെ ഖിലാഡി" എന്ന സിനിമയായിരുന്നു. റിച്ചാര്‍ഡ്‌ ആറ്റെന്‍ബൊറോ, സഞ്ജീവ്‌ കുമാര്‍, സയിദ്‌ ജാഫെറി തുടങ്ങിയവര്‍ അഭിനയിച്ച ഒരു ക്ലാസ്സിക്‌ സിനിമായാണിത്‌. സുഖലോലുപനായ അല്ലെങ്കില്‍ ആഢംബരപ്രിയനായ ഒരു രാജാവിന്റേയും, ജീവിതത്തിലെ മറ്റെല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ചതുരംഗം കളിച്ചു സമയം കളയുന്ന രണ്ടൂപേരുടേയും കഥയാണ്‌ ഈ സിനിമ പറയുന്നത്‌. സത്യജിത്‌ റേയുടെ കഥപറയാനും, കാണുന്ന ഓരോരുത്തരുടേയും ഉള്ളില്‍ കഥ പ്രതിഷ്ഠിക്കാനുമുള്ള കഴിവിന്റെ മറ്റൊരുദാഹരണമാണ്‌ ഈ സിനിമ.

ചൊവ്വാഴ്ചത്തെ സിനിമ, ഫെദെറികൊ ഫെല്ലിനിയുടെ "ലാ ദോള്‍ചെ വിറ്റാ" ആയിരുന്നു. ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷ്ണാത്മകമായ പത്രപ്രവര്‍ത്തനം, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന കഥ അതിമനോഹരമായി പറയുന്ന ഒരു സിനിമയാണിത്‌. ഇറ്റലിയിലെ സാമ്പത്തികപരമായി മേലേത്തട്ടില്‍ നില്‍ക്കുന്നവരുടെ അഴിഞ്ഞാട്ടങ്ങളെക്കുറിച്ച്‌ ഒരു തുടര്‍ ലേഖനം എഴുതുവാനായി, "മാസ്ത്രോയിയാനി" അവരുടെ കൂടെ കള്ളുകുടിച്ചും രാത്രി മുഴുവന്‍ നൃത്തം ചെയ്തും കഴിയുന്നു. ഈ ജീവിതം അയാളുടെ ശരിക്കുള്ള ജീവിതത്തെ താളം തെറ്റിക്കുന്നതാണ്‌ സിനിമയുടെ ഇതിവൃത്തം. മൂന്നുമണിക്കൂര്‍ നീണ്ട ഈ സിനിമ, ഞാന്‍ കാണുന്ന ഫെല്ലിനിയുടെ ആദ്യ സിനിമയാണ്‌.

ബുധനാഴ്ച മജിദ്‌ മജിദിയുടെ "ബാരണ്‍" എന്ന സിനിമയായിരുന്നു. ഇറാനിലെ ഒരു construction site-ല്‍ പണിയെടുക്കുന്ന പതിനേഴുകാരനായ "ലത്തീഫി"ന്റെ പ്രണയത്തിന്റെ കഥ വളരെ മനോഹരമായി പ്രതിപാദിക്കുകയാണ്‌ ഈ ചിത്രം. കാലൊടിഞ്ഞ അച്ഛനു പകരം ജോലിക്കുവരുന്ന ഒരു പതിനാലുകാരന്‍, ലത്തീഫിന്റെ അടുക്കള ജോലി തട്ടിയെടുക്കുന്നു. അവനെ ലത്തീഫ്‌ പലവിധത്തില്‍ ഉപദ്രവിക്കുകയും, പിന്നീട്‌ ഒരു കുടുംബം പോറ്റാന്‍ വേണ്ടി ആണ്‍ വേഷം കെട്ടിവന്ന ഒരു പെണ്‍കുട്ടിയാണതെന്നറിയുമ്പോള്‍ പശ്ചാത്താപം തോന്നി ആ കുട്ടിയേയും കുടുംബത്തേയും തന്നാല്‍ കഴിയുന്ന വിധം, വലിയ ത്യാഗങ്ങള്‍ പോലും സഹിച്ച്‌ ലത്തീഫ്‌ സഹായിക്കുകയും ചെയ്യുന്നു. ഇറാനിലെ അനധികൃത അഫ്ഗാന്‍ കുടിയേറ്റക്കാരുടെ ദാരിദ്ര്യവും
കഷ്ടപ്പാടുകളും ഇതില്‍ അതിഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്‌.

ബാക്കി സിനിമാവിശേഷം അടുത്ത ബ്ലോഗില്‍..............

Wednesday, August 17, 2005

തിരിച്ചെത്തി..............

പുതുവത്സരാശംസകള്‍.............

ഒരു മാസത്തെ ദക്ഷിണപര്യടനം അവസാനിപ്പിച്ച്‌, ഞാന്‍ തിങ്കളാഴ്ച മടങ്ങിയെത്തി. മുംബയിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകാതെ രക്ഷപ്പെട്ടു. ഞങ്ങള്‍ (ഞാനും എന്റെ വാമഭാഗവും) IIT-ല്‍ ആയിരുന്നു താമസം. അവിടേയും വെള്ളം കുറച്ചു കഷ്ടപ്പെടുത്തിയെങ്കിലും, കാര്യമായി ഒന്നും സംഭവിച്ചില്ല. ചൊവ്വാഴ്ച ആയിരുന്നു ഈ ഭീകരവര്‍ഷം ഉണ്ടായത്‌. ഞങ്ങള്‍ IIT-യില്‍ ഇരുന്ന് മഴ ആസ്വദിച്ചു. അവിടുത്തെ ചില ഹോസ്റ്റലുക്കളില്‍ വെള്ളം കയറിയെന്നും, രാത്രി കുട്ടികള്‍ക്കൊന്നും ഉറങ്ങാന്‍ സാധിച്ചില്ല എന്നുമുള്ള വാര്‍ത്തകള്‍ പിറ്റേന്നു കേട്ടു. പുറത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇതിലുമൊക്കെ ഭീകരമാകുമെന്ന് മുംബെയിലെ പത്തുകൊല്ലത്തെ പരിചയം എന്നെ ഓര്‍മ്മിപ്പിച്ചു. രാത്രിയായിട്ടും മഴ തുടരുന്നതു കണ്ട്‌, ഞാന്‍ ചില ബന്ധുക്കളെ ഫോണ്‍ ചെയാന്‍ ശ്രമിച്ചു. എവിടേക്കും ലൈന്‍ പോകുന്നില്ല!!! ഭാഗ്യവശാല്‍ എന്റെ മൊബൈലില്‍നിന്ന് പുറത്തേക്കു വിളിക്കാന്‍ പറ്റിത്തുടങ്ങിയിരുന്നു. അനവധി സമയത്തെ ശ്രമത്തിനു ശേഷം, ചിലരുമായി ബന്ധപ്പെടാന്‍ സാധിച്ചു. ഒരു താത്ക്കാലിക പുഴയായ്‌ മാറിയ മുംബെയിലെ തീവണ്ടി ട്രാക്കുകള്‍ക്കിടയിലൂടെയും, റോഡുകളിലൂടെയും നീന്തി നടക്കുന്ന കുറച്ചു ബന്ധുക്കളുടേയും ദോസ്തുക്കളുടേയും വിവരങ്ങള്‍ ലഭിച്ചു. അങ്ങേയറ്റം ഭാഗ്യം സിദ്ധിച്ച ചിലര്‍,
അത്താഴത്തിനു മുന്‍പു തന്നെ നീന്തി കരപറ്റിയിരുന്നു. അവരില്‍ നിന്നു ലഭിച്ച വിവരണങ്ങള്‍ പുളകം കൊള്ളിക്കുന്നതായിരുന്നു. ഇവിടെ ഇങ്ങനെ പുളകം കൊള്ളിക്കുന്നത്‌ എന്നൊക്കെ എഴുതാം എന്നൊക്കേള്ളൂ... ആ കുത്തൊഴുക്കില്‍ ജീവന്‍ പോയവരെ ആലോചിക്കുമ്പോള്‍ വളരെ സങ്കടം തന്നെയാണ്‌ തോന്നുന്നത്‌. മുംബെയില്‍ നിന്നകന്ന്, കല്യാണ്‍ ജില്ലയിലെ കാര്യം ഇതിലുമൊക്കെ ഭീകരമായിരുന്നു. വെള്ളത്തിന്റെ വരവു വര്‍ദ്ധിച്ചതു കൊണ്ട്‌, ബദലാപൂര്‍ അണക്കെട്ട്‌ ഭാഗീകമായി തുറന്നു. മഴവെള്ളവും, അണക്കെട്ടിലെ വെള്ളവും ചേര്‍ന്ന് ആ പ്രദേശങ്ങളില്‍ ഒരു താണ്ഡവം തന്നെ നടത്തി. ആ ഭാഗങ്ങളില്‍ താമസിക്കുന്നവരില്‍ പലരും തന്നെ മുംബെയില്‍ ജോലി ചെയ്യുന്നവരാണ്‌. ഈ മലവെള്ളം വന്ന സമയത്ത്‌, മിക്ക വീടുകളിലും ഗൃഹനാഥന്‍ ജോലി സ്ഥലത്തു കുടുങ്ങിക്കിടക്കുകയായിരുന്നു. സ്ത്രീകള്‍ ഒറ്റക്ക്‌ എത്രണ്ടും സാധനങ്ങള്‍ വീട്ടില്‍ നിന്നെടുത്ത്‌ ഒരു സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റാന്‍ സാധിക്കും? ചില വീടുകളിലാണെങ്കില്‍, രണ്ടുപേരും ജോലിക്കാരും. പലരുടേയും, TV, fridge, washing machine, furnitures തുടങ്ങിയ എല്ലാം നശിച്ചു. മുംബെയില്‍ സ്ഥിരതാമസക്കാരനും, കഥകളി വിദ്വാനുമായ ശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണനു സംഭവിച്ച നഷ്ടങ്ങള്‍, അദ്ദേഹത്തിന്റെ മാത്രമല്ല, മറിച്ച്‌, കലയെ സ്നേഹിക്കുന്ന എല്ലാവരുടേയുമാണ്‌. അദ്ദേഹത്തിന്റെ പക്കല്‍, വളരെ പഴയ പല കഥകളി വിഡിയോകളും ഉണ്ടായിരുന്നു. പഴയ പല കലാകാരന്മാരുടേയും ചില memorable preformances-ന്റെ വീഡിയോ അദ്ദേഹം സംഘടിപ്പിച്ചു വച്ചിരുന്നു. പലതിനും മറ്റൊറു പതിപ്പ്‌ വേറെ എവിടേയും ഇല്ലതാനും. ഈ മലവെള്ളകുത്തൊഴുക്കില്‍ ഇതില്‍ പലതും നശിച്ചു പോയി. TV, fridge മുതലായ നഷ്ടങ്ങള്‍ നമുക്കു കുറച്ചു സാമ്പത്തിക ബാദ്ധ്യതകള്‍ വരുത്തിവെക്കുമെങ്കിലും, കുറച്ചുകാലത്തെ അദ്ധ്വാനം കൊണ്ട്‌ നികത്തിയെടുക്കാന്‍ സാഷിക്കും. ഗോപാലകൃഷ്ണന്‍ മാഷ്ക്കു സംഭവിച്ചതു പോലത്തെ നഷ്ടങ്ങള്‍ നികത്തപ്പെടാന്‍ സാധിക്കതാണ്‌. നികത്തപ്പെടാന്‍ സാധിക്കാത്ത മറ്റനവധി നഷ്ടങ്ങള്‍ - ജീവന്‍ - അവിടെ സംഭവിച്ചിട്ടുണ്ട്‌. ആരോടു പരാതി പറയും? ആരിതിനുത്തരം പറയും?

ഞങ്ങള്‍ ശനിയാഴ്ചത്തെ ദാദര്‍-ചെന്നൈ തീവണ്ടിക്ക്‌ ടിക്കറ്റ്‌ ബൂക്കു ചെയ്തിരുന്നു. പക്ഷേ ആ ദിവസങ്ങളില്‍ എല്ലാ തീവണ്ടികളും റദ്ദാക്കപ്പെട്ടു. റെയില്‍ ഗതാഗതം പുനരാരംഭിക്കുന്നതു വരെ കാത്തിരിക്കുന്നത്‌ വലിയ മണ്ടത്തരമാണെന്നു മനസ്സിലാക്കിയ ഞങ്ങള്‍ വായുമാര്‍ഗ്ഗം സഞ്ചരിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്നു നോക്കാന്‍ തീരുമാനിച്ചു. വിമാനത്താവളത്തില്‍ ചെന്നു നോക്കിയപ്പോള്‍, പൂരത്തിന്റെ ദിവസം, തൃശ്ശൂര്‍ റൌണ്ടില്‍ എത്തിയ പ്രതീതി! ആദ്യം തന്നെ കുറഞ്ഞ കാശിനു യാത്രചെയ്യാന്‍ പറ്റിയ ചില വിമാനങ്ങള്‍ക്കു ബുക്കുചെയ്യാന്‍ ശ്രമിച്ചു. ഒരു രക്ഷയുമില്ല. പല വിമാനങ്ങളും യാത്ര റദ്ദാക്കിയിരുന്നു. ഓടുന്നവയിലാണെങ്കിലോ ഒരുമാസത്തെ ശമ്പളം വേണം മദിരാശിയിലെത്താന്‍. അത്രക്കു ധൃതിയില്ല എന്നു തീരുമാനിച്ച്‌ ഞങ്ങള്‍ ദാദറിലേക്കു വിട്ടു. ശനിയാഴ്ച ആയപ്പോഴേക്കും Express highway ഗതാഗതത്തിനായി തുറന്നിരുന്നു. ഞായറാഴ്ചത്തേക്ക്‌ ഒരു വോള്‍വൊ ബസ്സില്‍ ബാംഗ്ലൂരിലേക്കു ബുക്കു ചെയ്തു. ശനിയാഴ്ച രാത്രി ദാ മഴ വീണ്ടും തുടങ്ങി. ഞായറാഴ്ച ഉച്ചയാവാറായിട്ടും മഴ നില്‍ക്കാന്‍ യാതൊരു ഭാവവും കാണിക്കുന്നില്ല. വൈകുന്നേരം 6 മണിക്കാണ്‌ ബസ്സ്‌. ഹൃദയമിടിപ്പ്‌ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. വീണ്ടൂം യാത്ര മാറ്റിവെക്കേണ്ടിവരുമോ എന്നു സംശയിക്കാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ മഴ തത്ക്കാലത്തേക്ക്‌ ഒന്നു ശമിച്ചു. ബസ്സു ബുക്കു ചെയ്ത സ്ഥലത്തേക്കു വിളിച്ചു ചോദിച്ചപ്പോള്‍ ബസ്സ്‌ പോകുന്നുണ്ടെന്നവര്‍ പറഞ്ഞു. ഉച്ചക്കു ശേഷം മഴ ശല്യപ്പെടുത്തിയില്ല. ശുഭയാത്ര...............

ബാംഗ്ലൂരില്‍ നിന്ന് ശതാബ്ദി പിടിച്ചു തിങ്കളാഴ്ച രാത്രിയായപ്പോഴേക്കും മദിരാശിയില്‍ എത്തി. അവിടെ ഞാന്‍ രണ്ടാഴ്ച ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ്‌ മദിരാശിയില്‍ പോകുന്നത്‌. അവിടെ എത്തിയപ്പോള്‍ മഴക്കാറുണ്ടായിരുന്നെങ്കിലും, മഴ പെയ്യുക എന്ന സംഭവം വളരെ ദുര്‍ലഭമായിരുന്നു. ഒന്നു രണ്ടു ദിവസം ചെറുതായിട്ടോന്നു ചാറി, അത്രതന്നെ. വൈകുന്നേരങ്ങളില്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും നല്ല കാറ്റു വീശും. അതുകൊണ്ടുതന്നെ നഗരം തണുക്കുകയും ചെയ്യും. നഗരത്തിന്റെ ഏറ്റവും വലിയ ശാപം അവിടുത്തെ ഓട്ടോറിക്ഷകളാണ്‌. എല്ലാ വണ്ടികളിനും മീറ്റര്‍ ഉണ്ടാകുമെങ്കിലും, അതുവെറും കാഴ്ചക്കു വെച്ചിരിക്കുന്നതാണ്‌. ആരും തന്നെ മീറ്റര്‍ ചാര്‍ജ്ജില്‍ വരാന്‍ സമ്മതിക്കില്ല. ആദ്യത്തെ കുറച്ചു തിക്താനുഭവങ്ങള്‍ക്കു ശേഷം, ഞാന്‍ പരമാവധി ഓട്ടോ ഒഴിവാക്കി യാത്രചെയ്തു. 13-ാ‍ം തിയതി മദിരാശിയില്‍ നിന്ന് ഞങ്ങള്‍ തിരിച്ചുള്ള വണ്ടികയറി. ഇനി വീണ്ടും regular ആയി ബ്ലോഗാമെന്നു വിചാരിക്കുന്നു.

Wednesday, August 03, 2005

Escaped from the flood!

Since I'm a bit busy with official works, didn't get enough time to check out the comments and reply to them. I was supposed to leave Mumbai on 30th night by Dadar-Chennai. But all trains were canceled on those days (I think even now it has not resumed!). We then booked ticket on a bus to Bangalore for Sunday evening. Rains started again on Saturday night and continued till Sunday afternoon without any break. I thought I was going to get stranded once again. But fortunately by Sunday afternoon the rains stopped. Fortunately the express highway was open then and our bus managed to get out of Mumbai without any damage. Unconfirmed reports said that the highway was flooded later and was closed for sometime. Anyway, we managed to escape. Rains continued after we left and Mumbai got flooded again, but not to the extreme of the previous week. We reached Bangalore on Monday afternoon. Managed to get the Shatabdi Express to Chennai and reached Chennai on Monday night. In all, it took only 27hrs from Mumbai to Chennai, including a break of one and half hours at Bangalore. Considering that some train even take more than that time to reach from Mumbai to Chennai, our journey was a success. In Chennai there are no rains. Hot and humid as usual. I'm returning to Allahabad on 13th, reaching there on 15th. If I get time, will come back with more Chenna news. Otherwise, more posts from Allahabad.