My Photo
Name:
Location: Chennai, Tamil Nadu, India

Tuesday, August 30, 2005

ഖജുരാഹോ - I

കുറച്ചു കാലമായിട്ട്‌ മനസ്സില്‍ കിടന്നുകളിക്കുന്ന ഒരാഗ്രഹമായിരുന്നു ഖജുരാഹോ സന്ദര്‍ശനം. രണ്ടുദിവസത്തെ അവധി കിട്ടുകയും, കാലാവസ്ഥ അനുകൂലമാകുമെന്നു ചില websites പ്രവചിക്കുകയും ചെയ്തപ്പോള്‍, പോകാന്‍ തന്നെ തീരുമാനിച്ചു. വ്യാഴാച കാലത്ത്‌ 2:30-ന്‌ ഞങ്ങള്‍ ഇവിടെനിന്നും പുറപ്പെട്ടു. മുസഫര്‍പൂരില്‍ നിന്നും മുംബയിലേക്കു പോകുന്ന വണ്ടിക്കു സത്ന വരെ പോയി. 3:15-ന്‌ വരേണ്ട വണ്ടി എത്തിയപ്പോഴേക്കും 4:30 ആയി. വണ്ടി സത്നയിലെത്തിയപ്പോള്‍ 8:30. സത്ന സ്റ്റേഷനില്‍ത്തന്നെ ഒരു മദ്ധ്യപ്രദേശ്‌ ടൂറിസത്തിന്റെ ഒരു ഓഫീസ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവിടെ നിന്ന് ഖജുരഹോയിലേക്കുള്ള അടുത്ത വണ്ടി 9 മണിക്കാണെന്ന് മനസ്സിലാക്കിയ ഞങ്ങള്‍, ഉടന്‍ തന്നെ ബസ്സ്‌ സ്റ്റാന്‍ഡിലേക്കു തിരിച്ചു. ചെറിയ ബസ്സ്‌. അഞ്ചര അടി പൊക്കമുള്ള ഞാന്‍ ഇരുന്നാല്‍ തന്നെ മുട്ട്‌ മുന്‍പിലത്തെ സീറ്റിന്മേലിടിക്കും. വളരെ ബുദ്ധിമുട്ടി ഞെരുങ്ങി അതിലിരുന്നു. വണ്ടി 9:15-ന്‌ പുറപ്പെട്ടു. അവിടേക്കുള്ള വഴി മഹാമോശമാണെന്നുള്ള മുന്നറിയിപ്പു ഞങ്ങള്‍ക്കു കിട്ടിയിരുന്നു. പക്ഷേ യാത്ര തുടങ്ങിയപ്പോള്‍, പ്രതീക്ഷിച്ചതിലും ഭേദമാണെന്നു മനസ്സിലായി. വണ്ടി വേഗം തന്നെ ടൌണ്‍ വിട്ടു. ചുറ്റും പച്ചപ്പു നിറഞ്ഞ സമതലപ്രദേശങ്ങളായിരുന്നു. ഒരു ചെറിയ കുന്നുപോലും സമീപത്തൊന്നും കാണാനുണ്ടായിരുന്നില്ല. ഒരാഴ്ചയായി പെയ്തുകൊണ്ടിരുന്ന മഴ കാരണം, പാടങ്ങള്‍ താല്‌ക്കാലിക കുളങ്ങളായും, കുളങ്ങളും കായലുകളും കരകവിഞ്ഞും ഒഴുകിയിരുന്നു. മഴക്കാലം പച്ചപ്പട്ടുപുതപ്പിച്ച ആ സമതലപ്രദേശങ്ങളിലൂടെയുള്ള യാത്ര വളരെ നയനാനന്ദകരമായിരുന്നു. ദേവേന്ദ്രനഗരി എന്ന സ്ഥലത്ത്‌ എത്തുന്നതിനു കുറച്ചു മുന്‍പു തുടങ്ങി, അവിടം കഴിയുന്നതു വരെ റോഡു മഹാമോശമായിരുന്നു. അതിനു ശേഷം പന്ന എന്ന സ്ഥലത്തും കുറച്ചു ദൂരം മോശം റോഡായിരുന്നു. ഇതൊഴിച്ചാല്‍, വഴി വളരെ നല്ലതായിരുന്നു. പന്ന കഴിഞ്ഞു കുറച്ചുദൂരം സഞ്ചരിച്ചപ്പോഴേക്കും അവിടിവിടെയായി ചില കുന്നുകള്‍ കാണാന്‍ തുടങ്ങി. Panna tiger sanctuary ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ആ reserve forest-ന്റെ ഉള്ളിലൂടെ സഞ്ചരിച്ച്‌, ബസ്സ്‌ ഏതാണ്ട്‌ 1 മണി ആയപ്പോഴേക്കും ഖജുരാഹോയിലെത്തി. ഒരു ഹോട്ടലില്‍ മുറിയെടുത്ത്‌ ബാഗുകള്‍ അവിടെ നിക്ഷേപിച്ച്‌, cameras-ഉം കയ്യിലെടുത്ത്‌ ഉടന്‍ തന്നെ പുറത്തിറങ്ങി. ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ആദ്യം പോയത്‌, Western group of temples-ലേക്കാണ്‌.

ഖജുരാഹോയിലെ അമ്പലങ്ങള്‍ എല്ലാം തന്നെ ചന്ദേലരാജാക്കന്മാര്‍ ഉണ്ടാക്കിയതായിട്ടാണ്‌ കരുതപ്പെടുന്നത്‌. ഈ അമ്പലങ്ങളെ പ്രധാനമായും മൂന്നു ഗ്രൂപ്പുകളായിട്ട്‌ തിരിച്ചിരിക്കുന്നു, Western, Eastern and Sourthern. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും, ഏറ്റവും സുന്ദരങ്ങളായ അമ്പലങ്ങള്‍ ഉള്‍പ്പെട്ടതും western group-ല്‍ ആണ്‌. ഖജുരാഹോയിലെ എല്ലാ അമ്പലങ്ങളും പൊക്കമുള്ള തറയിലാണ്‌ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌. എല്ലാ അമ്പലങ്ങള്‍ക്കും ഒരു പൊതുനിര്‍മ്മാണശൈലിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌; കയറിവരുമ്പോളുള്ള അര്‍ദ്ധമണ്ഡപം, മണ്ഡപം, ഗര്‍ഭഗൃഹം (ശ്രീകോവില്‍ പോലെ ഒന്ന്). ഖജുരാഹോയിലെ അമ്പലങ്ങളുടെ ഒരു പൊതുവായ theme സ്ത്രീ എന്നതാണ്‌. സ്ത്രീയുടെ പല രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ശില്‍പങ്ങള്‍ ഇവിടെ കാണാം; ദൈവങ്ങളുടെ രൂപങ്ങളില്‍ (പാര്‍വ്വതി, ലക്ഷ്മി, ഗംഗ), നര്‍ത്തകികള്‍, വീട്ടുവേലചെയ്യുന്നവര്‍, പിന്നെ പലരീതിയിലും ലൈംഗികവേഴ്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. സ്തീയുടെ രൂപഭംഗി അതിമനോഹരമായി കൊത്തിവച്ചിരിക്കുകയാണ്‌ ഈ അമ്പലങ്ങളുടെ ചുറ്റും. തന്റെ രൂപഭംഗി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ കാമുകനെ ആകര്‍ഷിക്കുന്ന സ്ത്രീയുടെ മുഖഭാവങ്ങള്‍ വരെ ഇവര്‍ ഭംഗിയായി പകര്‍ത്തിയിരിക്കുന്നു. സ്ത്രീവിഷയം മാത്രമല്ല ശില്‍പങ്ങളില്‍. യുദ്ധം, നൃത്തം, ദൈനംദിനജോലികള്‍, performing arts groups തുടങ്ങി നിരവധി വിഷയങ്ങള്‍ ശില്‍പങ്ങളായി ഇവിടെ നിലകൊള്ളുന്നു. ഏതാണ്ട്‌ നൂറുവര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കപ്പെട്ട 85 അമ്പലങ്ങളില്‍ ഇരുപതോളം എണ്ണമേ ഇന്ന് നിലനില്‍ക്കുന്നുള്ളൂ. ചന്ദേലരാജ്യത്തിന്റെ അധ:പതനത്തിനുശേഷം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഇത്‌ പിന്നീട്‌ ബ്രിട്ടീഷുകാരാണ്‌ കണ്ടെടുത്ത്‌ പുനരുദ്ധരിപ്പിച്ച്‌ കൊണ്ടുവന്നത്‌. എല്ലാ അമ്പലങ്ങളേയും പറ്റി വിസ്തരിച്ചെഴുതുക എന്നുള്ളത്‌ ഒരു വിഷമകരമായ സംഗതിയാണ്‌. അതുകൊണ്ട്‌, എനിക്കേറ്റവും ഇഷ്ടപ്പെട്ടതായിട്ടുള്ള ചിലവയെക്കുറിച്ച്‌ എഴുതാം.

ആദ്യം ഞങ്ങള്‍ പോയത്‌ വിഷ്ണുവിന്റെ അമ്പലമായ ലക്ഷ്മണക്ഷേത്രത്തിലേക്കാണ്‌. യശോവര്‍മ്മന്‍ രാജാവ്‌ 930-950AD കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ അമ്പലം ഏറ്റവും പഴക്കമേറിയവയില്‍ ഒന്നാണ്‌. സുന്ദരങ്ങളായ കൊത്തുപണികള്‍ ധാരാളമുള്ള ഒരു അമ്പലമാണിത്‌. ഇതിന്റെ പൊക്കമുള്ള തറയുടെ പാര്‍ശ്വഭാഗങ്ങളില്‍ക്കൂടി ധാരാളം ശില്‍പങ്ങള്‍ കൊത്തിവച്ചിരിക്കുന്നതു കാണാം. ഇതിന്റെ മുന്‍ഭാഗത്തുതന്നെ ലക്ഷിയുടെ ഒരമ്പലവും, വരാഹക്ഷേത്രവും കാണാം. ഇതില്‍ വരാഹക്ഷേത്രത്തില്‍ ഒന്‍പതടി പൊക്കമുള്ള വരാഹ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. അതിന്റെ ചുറ്റും വളരെചെറിയ വളരെയധികം കൊത്തുപണികള്‍ നടത്തിയിട്ടുണ്ട്‌. ലക്ഷ്മണക്ഷേത്രത്തിന്റെ ചുമരുകളിലുള്ള കൊത്തുപണികള്‍ അതിമനോഹരങ്ങളാണ്‌.

ഖജുരഹോ അമ്പലങ്ങളില്‍ ഏറ്റവും വലുപ്പമുള്ളതും ഭംഗിയുള്ളതും എന്ന് അറിയപ്പെടുന്ന അമ്പലം കാന്താരിയക്ഷേത്രമാണ്‌. 1025-1050 കാലഘട്ടത്തില്‍ പണികഴിപ്പിക്കപ്പെട്ട ഈ ശിവക്ഷേത്രം, ലക്ഷ്മണക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഈ അമ്പലത്തിന്റെ തറയുടെ
പാര്‍ശ്വഭാഗങ്ങളില്‍ അധികം കൊത്തുപണികളൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും, ചുമരുകളിലെ കൊത്തുപണികള്‍ അതിസുന്ദരം തന്നെയാണ്‌. ഇതില്‍ സ്ത്രീകള്‍ പല വൃത്തികളില്‍ വ്യാപൃതരായിരിക്കുന്ന കൊത്തുപണികള്‍ കാണാന്‍ കഴിയും; എഴുത്തെഴുതിക്കൊണ്ടിരിക്കുന്ന സ്ത്രീ, പന്തുകളിക്കുന്ന സ്ത്രീ, മുഖം മിനുക്കുന്ന സ്ത്രീ തുടങ്ങിയ അനവധി കൊത്തുപണികളാല്‍ അലങ്കൃതമാണ്‌ ഇതിലെ പുറംചുമരുകള്‍. തെക്കും വടക്കും ഭാഗത്തുള്ള ചുമരുകളുടെ മദ്ധ്യഭാഗത്തായി ലൈംഗീകവേഴ്ചകളുടെ കൊത്തുപണികള്‍ കാണാന്‍ കഴിയും. അവിടെ കണ്ടതില്‍ വച്ച്‌ ഏറ്റവും strange sexual position എന്ന് തോന്നിച്ചത്‌ ഇവിടുത്തെ ചില കൊത്തുപണികളാണ്‌ (തലകീഴായി തൂങ്ങിക്കിടന്ന് ലൈംഗികവേഴ്ച നടത്തുന്ന ഒരു ശില്‍പം ഇവിടെയുണ്ട്‌!!!).

Western group-ലെ തന്നെ മറ്റൊരു ഗംഭീരന്‍ അമ്പലമാണ്‌ വിശ്വനാഥക്ഷേത്രം. ധംഗ എന്ന ചന്ദേലരാജാവ്‌ 1002-ല്‍ പണികഴിപ്പിച്ച ക്ഷേത്രമാണിത്‌. മറ്റമ്പലങ്ങള്‍ പോലെതന്നെ ഇതിന്റെ ചുമരുകളും ഭംഗിയുള്ള കൊത്തുപണികളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ മുന്‍പില്‍ത്തന്നെ നന്ദികേശന്റെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്‌. ഇതിന്റെ ഉള്ളില്‍ മാര്‍ബിളില്‍ തീര്‍ത്ത ഒരു ശിവലിംഗവുമുണ്ട്‌. കാന്താരിയക്ഷേത്രത്തിന്റെ തന്നെ മാതൃകയില്‍ പണിതിരിക്കുന്ന ഒരമ്പലമാണിത്‌.

വൈകുന്നേരം വരെ അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങല്‍ ഹോട്ടല്‍ മുറിയിലേക്കു തിരിച്ചുപോയി. കുളിയൊക്കെ കഴിഞ്ഞ്‌, രാത്രിയിലെ light and sound show കാണാന്‍ തയ്യാറായി ഏഴരയായപ്പോഴേക്കും തിരിച്ചെത്തി. 50 രൂപയാണ്‌ പ്രവേശനക്കൂലി. അവിടെതന്നെ ഉള്ള ഒരു മൈതാനിയില്‍ ഇരിക്കുവാനുള്ള സൌകര്യം അവര്‍ ഒരുക്കിയിട്ടുണ്ട്‌. അവിടെ ഇരുന്നു കൊണ്ട്‌ Western group-ലുള്ള അമ്പലങ്ങളുടെ ചരിത്രം വിസ്തരിച്ച്‌ കേള്‍ക്കാം. കൂടെ തന്നെ, സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച്‌, ഓരോരോ അമ്പലങ്ങള്‍ അവയുടെ ചരിത്രം പറയുന്നതിനോടൊപ്പം illuminate ചെയ്യുന്നു. ഏതാണ്ട്‌ 50 മിനിറ്റ്‌ നീണ്ട ഈ പരിപാടി വളരെ രസകരമാണ്‌. Photograph എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഒരു tripod കൊണ്ടുപോയാല്‍ തന്നേ illuminated temples-ന്റെ ഫോട്ടോ ഭംഗിയായി എടുക്കാന്‍ സാധിക്കുകയുള്ളൂ.

രണ്ടാംദിവസത്തിന്റെ കഥ അടുത്തലക്കത്തില്‍..............................

6 Comments:

Blogger -സു‍-|Sunil said...

Excellent write-up, Jayan

6:05 PM  
Blogger കെവിന്‍ & സിജി said...

ബാക്കിയും വായിയ്ക്കാനായി കാത്തിരിയ്ക്കുന്നു.

8:05 PM  
Blogger സു | Su said...

:)

10:15 PM  
Blogger ചില നേരത്ത്.. said...

ശ്രീ ജയന്‍
വളരെ മനോഹരമായ ശൈലി. ആസ്വദിച്ചു.. വായനക്കാരെ ഫോട്ടോസ്‌ കൂടെ കാണിക്കൂ..
-ഇബ്രു-

11:31 AM  
Blogger കലേഷ്‌ കുമാര്‍ said...

ജയൻ, സൂപ്പർ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സമയം കിട്ടിയാൽ വിശദീകരിച്ച് തന്നെ എഴുതൂ....
നന്ദി!

1:42 AM  
Blogger Sree Pillai said...

wonderful writing style and great photographs,Jayan. Congratulaitons & thanks.

11:21 PM  

Post a Comment

<< Home