Jayan's blog

My Photo
Name:
Location: Chennai, Tamil Nadu, India

Tuesday, July 25, 2006

IRCTC-കീ ജയ്‌

ഇന്നലെ ഒരു അത്ഭുതകരമായ സംഭവം ഉണ്ടായി. ഞാന്‍ IRCTC website വഴി, നാട്ടിലേക്കുള്ള യാത്രക്കു ഇ-ടിക്കറ്റ്‌ ബുക്കു ചെയ്യുകയായിരുന്നു. Online SBI വഴി പൈസ അടച്ചു, പക്ഷേ വഴിയില്‍ ചില പാറയും മരങ്ങളും വീണ്‌ വഴി block ആയതുകൊണ്ട്‌, തിരിച്ച്‌ IRCTC website-ല്‍ എത്തിയില്ല, അതുകൊണ്ടുതന്നെ ടിക്കറ്റ്‌ ബുക്കായില്ല. എന്റെ കാശു പോയി, ടിക്കറ്റൊട്ടു കിട്ടിയതുമില്ല. ഉടന്‍ തന്നെ ഞാന്‍ IRCTC-ക്ക്‌ വിവരങ്ങളൊക്കെ വിശദമായി എഴുതി ഒരു ഇ-മെയില്‍ അയച്ചു. വെള്ളപേപ്പറില്‍ ഒരു ആപ്ലിക്കേഷനെഴുതി മദിരാശി സ്റ്റേഷനില്‍ പോയി കൊടുക്കുക എന്നൊരു മറുപടി 3-4 ദിവസത്തിനകം കിട്ടും എന്നായിരുന്നു എന്റെ പ്രതീക്ഷ. മുംബയില്‍ ബോംബു പൊട്ടിയതുകൊണ്ടോ, ഇന്‍ഡോനേഷ്യയില്‍ ഭൂകമ്പമുണ്ടായതുകൊണ്ടോ, ഇസ്രായേല്‍ ലബനണിനെ ആക്രമിച്ചതുകൊണ്ടോ... എന്താണെന്നറിയില്ല, 15 മിനിറ്റുകള്‍ക്കകം, IRCTC-യില്‍ നിന്ന് എനിക്ക്‌ "താങ്കള്‍ക്ക്‌ ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക്‌ ക്ഷമ" ചോദിച്ചുകൊണ്ടും, ഇതുണ്ടാവാനുള്ള കാരണമെന്താണെന്നു വിശദീകരിച്ചുകൊണ്ടും, അതുടന്‍ തന്നെ പരിഹരിക്കാമെന്നു പറഞ്ഞുകൊണ്ടും, രണ്ടു പേരുടെ ഇ-മെയില്‍ എനിക്കു കിട്ടി. രണ്ടു ദിവസത്തിനകം തന്നെ എനിക്ക്‌ കാശു തിരിച്ചു കിട്ടുമെന്നു തോന്നുന്നു.... നമ്മുടെ ലാലുവ്‌ ആളു ശരിയല്ലെങ്കിലും, റെയില്‍വേ മൊത്തത്തില്‍ ഒന്നു ഉഷാറായിട്ടുണ്ട്‌.

കുറച്ചു ചിത്രങ്ങള്‍

ശ്രീജിത്ത് ആവശ്യപ്പെട്ടതിനനുസരിച്ച്, കുഞ്ചുവിന്റെ (നിവേദിന്റെ) കുറച്ചു ചിത്രങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.


ആദ്യ ദിനങളിലെ കുഞ്ചുവാശിക്കാരന്‍....സുന്ദരസ്വപ്നത്തില്‍....കുളികഴിഞ്ഞ് കളിച്ചു കിടക്കുന്നു...അച്ഛന്റെ തങ്കക്കുടം അമ്മയുടെ മടിയില്‍സന്തോഷാധിക്യം.......

Monday, July 24, 2006

വീണ്ടും ഒരു തുടക്കം.

ഇന്നു രാവിലെ, office-ല്‍ ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു phone വന്നു. മലയാളം Bloggers-ലെ ഏറ്റവും active ആയിട്ടുള്ള members-ല്‍ ഒരാളായ വിശ്വപ്രഭയുടേതായിരുന്നു ആ call. എന്തുകൊണ്ടാണ്‌ Blogging നിര്‍ത്തിയത്‌, വിശേഷങ്ങളെന്തൊക്കെ, ഉടന്‍ തന്നെ Blogging വീണ്ടും തുടങ്ങില്ലേ എന്നൊക്കെ ചോദിച്ചു. അപ്പോള്‍ വളരെ സന്തോഷം തോന്നി. IIT-യില്‍ join ചെയ്തതിനുശേഷം ഞാന്‍ ഇതുവരെ ഒന്നും എഴുതിയിരുന്നില്ല. തിരക്കുമാത്രമല്ല കാരണം, മടികൂടിയാണ്‌. എന്തായാലും, ഈ phone വിളികഴിഞ്ഞതോടുകൂടി, blogging വീണ്ടും ഒന്നു ഉഷാറാക്കാന്‍ തീരുമാനിച്ചു.

ആദ്യം തന്നെ ചുരുക്കത്തില്‍ ഒരു updation: ഞാന്‍ സെപ്തംബര്‍ 26-ാ‍ം തിയതി IIT-യില്‍ join ചെയ്തു. താമസം IIT quarters-ല്‍. ഡിസംബര്‍ അവസാനം വരെ teaching ഒന്നും ഉണ്ടായിരുന്നില്ല. Jan-May semester-ല്‍ രണ്ടു course പഠിപ്പിച്ചു. May 8-ാ‍ം തിയതിമുതല്‍ July 21-ാ‍ം തിയതി വരെ vacation ആയിരുന്നു. April 26-ാ‍ം തിയതി ഉച്ചതിരിഞ്ഞ്‌ 4:21pm-ന്‌ എന്റെ വാമഭാഗം (ഭാര്യ) ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. പ്രസവം normal ആയിരുന്നു. തള്ളയും കുട്ടിയും സുഖമായി ഇരിക്കുന്നു. അവര്‍ ഇപ്പോഴും നാട്ടില്‍ തന്നെയാണ്‌. ഓണം കഴിഞ്ഞ്‌ ചെന്നൈയില്‍ എത്തും. നിവേദ്‌ എന്നാണ്‌ ഞങ്ങള്‍ മകന്‌ പേരിട്ടിരിക്കുന്നത്‌, കുഞ്ചു എന്ന് വീട്ടില്‍ വിളിക്കും. മഹന്റെ photos കാണാന്‍ മോഹമുള്ളവര്‍ http://mat.iitm.ac.in/~jayan/album/ എന്ന link visit ചെയ്യുക. തല്‍ക്കാലം ഇത്രമാത്രം. കൂടുതല്‍ വിവരങ്ങളുമായി ഞാന്‍ വീണ്ടുമെത്തും

Friday, October 28, 2005

വെള്ളപ്പൊക്കത്തിനു നമസ്കാരം

ഞങ്ങള്‍ അലഹബാദിലായിരുന്ന കാലം, മെയ്‌- ജൂണ്‍. സൂര്യന്‍ കത്തിനില്‍ക്കുന്ന സമയം. എപ്പോള്‍ പുറത്തിറങ്ങണമെങ്കിലും രണ്ടുവട്ടം ആലോചിക്കണം. അങ്ങനെയുള്ള സമയത്താണ്‌ ഒരു ഹിമായലയസന്ദര്‍ശനം നടത്തിയത്‌. മണാലി വഴി കെലോങ്ങില്‍ ചെന്ന് അഞ്ചുദിവസം താമസിച്ച്‌ തിരിച്ചു പോന്നു. തിരിച്ച്‌ മണാലിയിലെത്തി അവിടെനിന്ന് ദില്ലിയിലെത്തിയപ്പോള്‍ കേള്‍ക്കുന്നു മണാലിയില്‍ വെള്ളപ്പൊക്കമാണെന്നും ഞങ്ങള്‍ ഭാഗ്യം കൊണ്ടാണ്‌ രക്ഷപ്പെട്ടതെന്നുമൊക്കെ. അതുകേട്ടപ്പോള്‍ ഞങ്ങള്‍ക്കു സമാധാനമായി, ഭാഗ്യമുണ്ട്‌. ഞങ്ങള്‍ തീരുമാനിച്ചു, ഇനിയും ഭാഗ്യമുണ്ടാകും. അലഹബാദില്‍ തിരിച്ചെത്തിയപ്പോഴേക്കും മഴക്കാറുകള്‍ എത്തിക്കഴിഞ്ഞിരുന്നു. അവിടെ മഴതുടങ്ങിയപ്പോഴേക്കുമാണ്‌ ഒരു മുംബൈ സന്ദര്‍ശനം തരായത്‌. മുംബയില്‍ നിന്ന് യാത്ര മദിരാശിയിലേക്കായിരുന്നു. മദിരാശിയാത്രയുടെ മൂന്നുദിവസം മുന്‍പേ വീണ്ടും മഴ തുടങ്ങി. മഴയെന്നു പറഞ്ഞാല്‍പോരാ, പെരുമഴ. ഇപ്രാവശ്യം വെള്ളപ്പൊക്കം ഞങ്ങളെ വിടാന്‍ തീരുമാനിച്ചിരുന്നില്ല. ഞങ്ങള്‍ IIT-യില്‍ താമസമാക്കിയിരുന്നതുകൊണ്ട്‌, പുറത്തുള്ളവരെപ്പോലെ ഞങ്ങളെ ഉപദ്രവിക്കാന്‍ പറ്റിയില്ല. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോന്ന് മഴ കരുതിയിട്ടുണ്ടാകും. തകര്‍ത്തങ്ങ്ട്‌ പെയ്തു. റെയില്‍ട്രാക്കെല്ലാം ഒലിച്ചു പോയി. മദിരാശിക്ക്‌ ടിക്കറ്റ്‌ ബുക്കുചെയ്തൂന്ന് പറഞ്ഞിട്ട്‌ കാര്യണ്ടോ? വണ്ടി പോണ്ടേ? ഞങ്ങള്‍ ബുദ്ധിമുട്ടി ബസ്സൊക്കെപിടിച്ച്‌ ബാംഗളൂര്‍ വഴി മദിരാശിയില്‍ ഒരുവിധം എത്തിച്ചേര്‍ന്നു. അങ്ങനെ മഴ ഉപദ്രവിച്ചൂച്ചാലും ഞങ്ങള്‍ക്ക്‌ എത്തേണ്ടിടത്ത്‌ എത്താന്‍ സാധിച്ചു. അങ്ങനെ മദിരാശി സന്ദര്‍ശനം കഴിഞ്ഞ്‌ അലഹബാദില്‍ തിരിച്ചെത്തി. മദിരാശിയില്‍ ജോലികിട്ടി. അലഹബാദുവിട്ട്‌ മദിരാശിയിലേക്ക്‌ യാത്രതിരിച്ചു. വീണ്ടും മഴ വില്ലനായി എത്തി. ആന്ധ്രപ്രദേശില്‍ ഗംഭീരന്‍ വെള്ളപ്പൊക്കം. പകുതിവഴി എത്തിയ തീവണ്ടി മറ്റൊരു വഴി തിരിച്ചു വിട്ടു. ആന്ധ്രപ്രദേശ്‌ മുഴുവന്‍ ചുറ്റിക്കറങ്ങി 13 മണിക്കുര്‍ വൈകി തീവണ്ടി മദിരാശിയിലെത്തിയപ്പോഴേക്കും ഞങ്ങള്‍ക്ക്‌ നാട്ടിലേക്കു പോകുവാനുള്ള 'ആലപ്പി എക്സ്‌പ്രസ്‌' സ്ഥലം വിട്ടിരുന്നു. പിറ്റേദിവസത്തെ 'ആലപ്പിക്ക്‌' ഞങ്ങള്‍ നാട്ടില്‍ പോയി തിരിച്ചെത്തി. അതു കഴിഞ്ഞ്‌ ഒരു മാസം കഴിഞ്ഞപ്പോഴാണ്‌ വീണ്ടും ഒന്നു നാട്ടില്‍ പോയാലോ എന്ന് ആലോചിച്ചത്‌. 28-ാ‍ം തിയതിക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. 26-ാ‍ം തിയതി രാവിലെ മഴ തുടങ്ങി. ഏതാണ്ട്‌ 36 മണിക്കൂര്‍ നിര്‍ത്താതെ പെയ്തു. കുറച്ചുകൊല്ലങ്ങളായി ഇങ്ങനെ മഴ പെയ്തിട്ടില്ലെന്നാണ്‌ എല്ലാവരും പറയുന്നത്‌. എല്ലാ വഴികളിലും വെള്ളം, പുഴപോലെ. പലര്‍ക്കും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ചിലര്‍ ഇതൊരു അവസരമാക്കിയെടുത്ത്‌ വീട്ടില്‍ കുത്തിയിരുന്ന് അവധിദിനം ആഘോഷിച്ചു. വീണ്ടും ഞങ്ങള്‍ IIT-യില്‍ ആയതുകൊണ്ട്‌ ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. ഞങ്ങളാണെങ്കില്‍ നാട്ടിലേക്ക്‌ ടിക്കറ്റും ബുക്കുചെയ്ത്‌ യാത്രക്ക്‌ തയ്യാറായി ഇരിക്കുകയാണ്‌. ഇത്തവണയും വെള്ളപ്പൊക്കം ഞങ്ങളെ ചതിക്കുമെന്നാണ്‌ കരുതിയത്‌. പക്ഷേ എന്തുകൊണ്ടോ, ഇന്നലെ രാത്രിയായപ്പോഴേക്കും മഴ കുറഞ്ഞു. ചിലപ്പോള്‍ Meteorological Department അടുത്ത 24 മണിക്കൂര്‍ കൂടി ഈ മഴ തുടരും എന്ന് പ്രവചിച്ചതുകൊണ്ടാകാം, മഴ പാടെ നിന്നു. ഇന്നു രാവിലെ സാക്ഷാല്‍ രവിയെയാണ്‌ കണികണ്ടത്‌. പഴയപ്രതാപം തിരിച്ചു കിട്ടിയിട്ടില്ലെങ്കിലും, അത്യാവശ്യം ഭംഗിയായിത്തന്നെ പ്രകാശിക്കുന്നു. ഇത്തവണ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടൂന്നാ തോന്നണേ. വൈകുന്നേരം വണ്ടി വിട്ടാല്‍ത്തന്നേ തീരുമാനമാകൂ. എന്തായാലും ഇപ്പോള്‍ പോകാന്‍ പറ്റും എന്നുള്ള പ്രതീക്ഷ നല്ലവണ്ണമുണ്ട്‌. ഇന്ന് പോയാല്‍ ബുധനാഴ്ച രാവിലെ തിരിച്ചെത്തും. വീണ്ടും സന്ധിക്കൈ വരൈക്കും വണക്കം.................

Monday, October 24, 2005

ഓണം മുതല്‍ ഇന്നു വരെ.............

കുറേ കാലമായി എഴുതിയിട്ട്‌. ഓണം തൊട്ടുതന്നെ തുടങ്ങാം ല്ലേ....... ഇക്കൊല്ലത്തെ ഓണം മാവേലിമന്നന്റെ ഒപ്പം കറങ്ങിനടന്ന് ഇന്ത്യയിലെ പല ഭാഗത്തുള്ള മലയാളികളുടെ കൂടെ ആഘോഷിച്ചു. സെപ്തംബര്‍ 11-ാ‍ം തിയതി ദില്ലിയില്‍ 'ഗായത്രി'-യുടെ കൂടെ ഓണാം ആഘോഷിച്ചു. അതിനുശേഷം സാക്ഷാല്‍ ഉത്രാടം, തിരുവോണം എന്നിവ അലഹബാദില്‍ സുഹൃത്തുകളുടെ കൂടെ. 19-ാ‍ം തിയതി അലഹബാദില്‍ നിന്ന് നാട്ടിലേക്ക്‌ തിരിച്ചു. വഴിയില്‍ മഴമുടക്കി, വളഞ്ഞുകുത്തി 13 മണിക്കൂര്‍ വൈകി മദിരാശിയില്‍ എത്തി. ഞങ്ങള്‍ നാട്ടിലേക്ക്‌ ബുക്കുചെയ്തിരുന്ന സീറ്റും കൊണ്ട്‌ ആലപ്പി എക്സ്‌പ്രസ്‌ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. പിറ്റേദിവസത്തെ 'ആലപ്പിയില്‍' തന്നെ നാട്ടിലേക്കു തിരിച്ചു. ഓണത്തിന്‌ നാട്ടിലെത്താം എന്നൊരു മോഹം എനിക്കും അച്ഛനമ്മമാര്‍ക്കും ഉണ്ടായിരുന്നു. ആ മോഹഭംഗം തീര്‍ക്കുവാനായി നാട്ടില്‍ വച്ചും ആഘോഷിച്ചു ഓണം. 3 ദിവസത്തെ പൊരിഞ്ഞ തീറ്റക്കുശേഷം 26-ാ‍ം തിയതി രാവിലെ വീണ്ടും 'ആലപ്പിയില്‍' ഞങ്ങള്‍ മദിരാശിയില്‍ വന്നിറങ്ങി. അന്നുതന്നെ ജോലിക്കു ഹാജരായി. ഇവിടേയും ഉണ്ടായിരുന്നു ഒരു ഓണാഘോഷം. ഓണത്തിന്‌ മദിരാശിയിലുള്ള ഒട്ടുമിക്കവരും തന്നെ നാട്ടിലേക്കു പോകും. അതിനാല്‍ ഇവിടുത്തെ ഓണാഘോഷം മിക്കവാറും വളരെ വൈകിയാണ്‌ പതിവത്രെ. മാവേലി തന്നെ അദ്ദേഹത്തിന്റെ ലീവ്‌ extend ചെയ്തിട്ടാണ്‌ മദിരാശിയിലെ മലയാളികളുടെ ഓണത്തിന്‌ നില്‍ക്കാറ്‌. ഇക്കൊല്ലം സാക്ഷാല്‍ ഓണം കഴിഞ്ഞ്‌, ഒരു മാസവും മൂന്നുദിവസം കഴിഞ്ഞ്‌, ഒക്ടോബര്‍ 18-ാ‍ം തിയതിയാണ്‌ മാവേലിക്ക്‌ ഇവിടെ സ്വീകരണം നല്‍കിയത്‌. സദ്യമോശമായിരുന്നൂച്ചാലും മൊത്തം പരിപാടികള്‍ നന്നായി. അലഹബാദില്‍ നിന്ന് മദിരാശിയിലെത്തിയപ്പോള്‍ നരകത്തില്‍ നിന്ന് ഭൂമിയിലെത്തിയ പോലെയായി (സ്വര്‍ഗ്ഗത്തില്‍ എന്നെഴുതണോ എന്നാലോച്ചിച്ചു, പിന്നെ അത്രക്കങ്ങ്ട്‌ വേണ്ടാന്നു വച്ചു). മദിരാശിയിലെ സംഗീതസഭകളെക്കുറിച്ച്‌ ധാരാളം കേട്ടിരുന്നു. നവരാത്രിപ്രമാണിച്ച്‌ ധാരാളം കച്ചേരികള്‍ പല സ്ഥലങ്ങളിലായി ഉണ്ടായിരുന്നു. എല്ലാത്തിനും പോയില്ലെങ്കിലും, ചിലതിനെല്ലാം പങ്കെടുത്തു. നവംബറില്‍ കച്ചേരികളുടെ season തുടങ്ങിയാല്‍ ജനുവരി പകുതിവരെ കച്ചേരിമയമായിരിക്കും മദിരാശിയില്‍. അതിനു വേണ്ടി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ്‌ ഞങ്ങളിപ്പോള്‍.

Thursday, September 15, 2005

ഓണവാര്‍ത്തകള്‍

എല്ലാവര്‍ക്കും ഓണാശംസകള്‍

അലഹബാദിലാണെങ്കിലും ഞങ്ങല്‍ ഇത്തവണ ഭംഗിയായിട്ടുതന്നെ ഓണം ആഘോഷിക്കുന്നുണ്ട്‌. കഴിഞ്ഞ വാരാന്ത്യത്തില്‍ ദില്ലിയില്‍ പോയിരുന്നു. പപ്പടം, കായവറുത്തത്‌ (വട്ടത്തിലും, നാലാക്കിയും വറുത്ത രണ്ടുതരവും), ശര്‍ക്കരഉപ്പേരി, വെളിച്ചെണ്ണ, കായ എന്നിവ വാങ്ങിക്കൊണ്ടു വന്നിരുന്നു. ഇന്നലെത്തേക്കുതന്നെ കായമുഴുവന്‍ പഴുത്തിരുന്നു. അതുകൊണ്ട്‌ ഉത്രാടപ്രാതലും, തിരുവോണപ്രാതലും എല്ലാക്കൊല്ലത്തേയും പോലെ പഴം നുറുക്കുതന്നെ ആയിരുന്നു. ഇന്ന് ഇനി സദ്യ ഒരുക്കുന്നത്‌ രാത്രിയാണ്‌. ഞങ്ങള്‍ക്ക്‌ ഒറ്റക്ക്‌ ആഘോഷിക്കാനാണെങ്കില്‍ ഉച്ചക്കായാലും സാധിക്കും, പക്ഷേ ഞങ്ങളുടെ ആഘോഷത്തില്‍ പങ്കുകൊള്ളാന്‍ ഈയിടെയായി അലഹബാദിലെത്തിയ മറ്റൊരു മലയാളി കുടുംബം കൂടിയുണ്ട്‌. അവര്‍ക്ക്‌ ജോലിയുള്ളതുകൊണ്ട്‌ സദ്യ രാത്രിയിലേക്കു മാറ്റി. രാത്രി വിസ്തരിച്ചു തന്നെയാണ്‌ പുറപ്പാട്‌; കാളന്‍, അവിയല്‍, എരിശ്ശേരി, സാമ്പാര്‍, പായസം എന്നീ സ്പെഷ്യല്‍ കൂടാതെ, ചോറ്‌, തോരന്‍, പപ്പടം, വട്ടത്തിലും, നാലാക്കിയും നുരുക്കി വറുത്ത കായ ഉപ്പേരി, ശര്‍ക്കരഉപ്പേരി, ആയിരംകറി (ഇഞ്ചിത്തൈര്‌) എന്നിവയും സദ്യവട്ടങ്ങളില്‍ പെടും. ഓണദിവസംതന്നെ പറയാം എന്നുകരുതിവച്ച മറ്റൊരു വിശേഷം കൂടിയുണ്ട്‌. എന്റെ ഉത്തരേന്ത്യന്‍വാസം ഈ തിങ്കളാഴ്ച അവസാനിക്കുന്നു. മദിരാശി IIT-യില്‍ വാദ്ധ്യാരായി ജോലികിട്ടി. ഞങ്ങള്‍ 19-ാ‍ം തിയതി അലഹബാദ്‌ വിടും. 26-ാ‍ം തിയതി അവിടെ ചേരും. അങ്ങിനെ ഇത്തവണത്തെ ഓണം നാട്ടില്‍നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം അകലെയാണെങ്കിലും, ആഘോഷിക്കാനും സന്തോഷിക്കാനും വകയുള്ള ഒന്നായി മാറിയിരിക്കുകയാണ്‌.

Friday, September 09, 2005

മയിലുകള്‍ പീലികള്‍ പൊഴിക്കും കാലം

ഉത്തരേന്ത്യയിലെ പല അദ്ധ്യയനസ്ഥാപനങ്ങളുടേയും campus-ല്‍ ധാരാളം മയിലിനെ കാണാം. ഞാന്‍ ജോലിചെയ്യുന്ന സ്ഥലത്തെ കാര്യവും വ്യത്യസ്തമല്ല. ഈ campus-ല്‍ കാടുപിടിച്ചു കിടക്കുന്ന ധാരാളം സ്ഥലമുള്ളതുകൊണ്ടുകൂടിയാവാം, അനവധി മയിലുകളെ ഇവിടെ കാണാം.

പീലിവിടര്‍ത്തിയാടുന്ന മയിലിന്റെ പടം കണ്ടിട്ടുണ്ടെന്നല്ലാതെ നേരിട്ടുകാണുന്നത്‌ ഇവിടെ വന്നതിനു ശേഷമാണ്‌. എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒരുദിവസം ചെന്നപ്പോള്‍, ഒരു മൂലയില്‍ അനവധി മയില്‍പീലികള്‍ കൂട്ടിയിട്ടിരിക്കുന്നത്‌ കണ്ടു. എവിടെനിന്നാണ്‌ ഇത്രയധികം തരാക്കിയതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, summer-ല്‍ മയില്‍ പീലികള്‍ പൊഴിക്കാന്‍ തുടങ്ങും. ആ സമയത്ത്‌ campus ചുറ്റിയടിച്ചാല്‍ ദിവസവും ധാരാളം പീലികള്‍ കിട്ടുമെന്ന്. Summer സമയത്ത്‌ ഒന്നും കിട്ടിയില്ലെങ്കിലും, കഴിഞ്ഞ കുറച്ചു ദിവസമായി മയില്‍പീലിവേട്ട നടത്തി ഞങ്ങള്‍ കുറേയെണ്ണം സംഘടിപ്പിച്ചു വച്ചിട്ടുണ്ട്‌. ആണ്‍മയിലുകള്‍ക്ക്‌ പെണ്‍മയിലുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയിട്ടാണല്ലോ ഈ ഭംഗിയുള്ള പീലികള്‍. അവയുടെ പുനരുത്പാദനസമയം ഏതാണ്ട്‌ മാര്‍ച്ചു മുതല്‍ ജൂലൈ വരെയാണ്‌. അതിനുശേഷം കുറച്ചുകാലത്തേക്ക്‌ അവയുടെ അണ്ഡോല്‍പാദനം നിലക്കും. ഈ സമയത്ത്‌ പെണ്ണുങ്ങളെ ആകര്‍ഷിച്ചിട്ട്‌ പ്രത്യേകിച്ച്‌ ഒരു കാര്യവുമില്ലെന്നുവരുമ്പോളാണ്‌ ഇവര്‍ പീലികള്‍ പൊഴിക്കുന്നത്‌. അടുത്ത അണ്ഡോല്‍പാദനസമയമാകുമ്പോഴേക്കും നല്ല പുതിയ ഭംഗിയുള്ള പീലികള്‍ ഉണ്ടാകും എന്നൊരു ഗുണം കൂടിയുണ്ട്‌ ഈ പൊഴിക്കലിന്‌. എന്തായാലും, ഞങ്ങള്‍ കഴിഞ്ഞ മൂന്നുനാലു ദിനം കൊണ്ട്‌ നാല്‍പതോളം പീലികള്‍ ശേഖരിച്ചു കൂട്ടിയിട്ടുണ്ട്‌. എന്റെ വാമഭാഗത്തിന്‌ ഇപ്പോഴും കമ്പം തീര്‍ന്നിട്ടില്ല. ഇനിയും ശേഖരിച്ചിട്ട്‌ എന്തുകാണിക്കാനാ, എനിക്കറിയില്ല.

Tuesday, September 06, 2005

അത്തം

ഇന്ന് അത്തം. നാട്ടിലെ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്ന ദിവസം. ഓണസദ്യയുടെ ആദ്യദിനം. വീട്ടില്‍ അത്തപ്രാതല്‍ എല്ലാക്കൊല്ലത്തേയും പോലെ പഴംനുറുക്കു തന്നെയാകും. നല്ല നറുതേന്‍ മധുരമുള്ള പഴുത്ത നേന്ത്രപ്പഴം വേവിച്ചത്‌ പപ്പടവും, കായവറുത്തതും കൂട്ടി വയര്‍ ഇപ്പൊപ്പൊട്ടും എന്നു തോന്നുംവരെ തട്ടിവിടാനുള്ള രസം പറഞ്ഞറിയിക്കാനാവില്ല. ഇവിടെ അലഹബാദില്‍ നേന്ത്രപ്പഴം കിട്ടാനില്ല. പ്രാതല്‍ ഞാഞ്ഞൂലായാലോ (noodles) എന്ന് വാമഭാഗം അഭിപ്രായം ചോദിച്ചപ്പോള്‍, ആദ്യം 'ഓ' എന്നു പറഞ്ഞൂച്ചാലും, പിന്നെയാണോര്‍ത്തത്‌ ഇന്ന് അത്തമാണല്ലോന്ന്. അത്തപ്രാതല്‍ അത്രക്ക്‌ മോശമാക്കരുതെന്ന് എനിക്കു തോന്നി. രണ്ടുദിവസം മുന്‍പ്‌ മലയാളി സ്റ്റോറില്‍ നിന്നു വാങ്ങിയ കപ്പ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതാകാം പ്രാതലിന്‌ എന്നു കരുതി അതെടുത്ത്‌ മുറിച്ചപ്പോഴാണ്‌ ചിലഭാഗം മരം പോലെയും, മറ്റുചിലഭാഗമാണെങ്കില്‍ കേടുവന്നതും. അത്തപ്രാതലിന്‌ ഒരു നാടന്‍ സ്വാദുവേണമെന്നു തോന്നിയിരുന്നു; എന്നാല്‍ ഇങ്ങനെ കേടുവന്ന നാടന്‍ സ്വാദായാലും ശരിയാവില്ല. പിന്നെ അടുക്കള പരതിയപ്പോഴാണ്‌ കുറച്ചു റവ ഇരിക്കുന്നതു കണ്ടത്‌. എന്നാല്‍ അങ്ങനെത്തന്നെ. അടുപ്പത്ത്‌ ചീനച്ചട്ടി വച്ച്‌ മുളകും കരുവേപ്പിലയുമെല്ലാം സംഘടിപ്പിച്ച്‌ നോക്കിയപ്പോള്‍ കടുകില്ല!!! ഇനി വീണ്ടും മാറ്റാന്‍ പറ്റില്ലെന്ന് തീരുമാനിച്ച്‌ കടുകില്ലാത്ത ഉപ്പുമാവ്‌ ഉണ്ടാക്കി. നന്നെ ചെറുതാണെങ്കിലും അവന്‍ ഇട്ടാല്‍ ഒരു സ്വാദൊക്കെയുണ്ടെന്ന് കടുകിടാത്ത ഉപ്പുമാവ്‌ കഴിച്ചപ്പോള്‍ മനസ്സിലായി. ഉച്ചക്ക്‌ ഒരു പാവം ചെറുപയര്‍ കൂട്ടാനാണുണ്ടാക്കുന്നതെന്നാണ്‌ വാമഭാഗം പറഞ്ഞത്‌. പച്ചക്കറിയെല്ലാം തീര്‍ന്നത്രെ. ഇന്നലെ വൈകുന്നേരം പച്ചക്കറിവാങ്ങാന്‍ പോകുന്നതിനു പകരം കാല്‍പ്പന്തു കളിക്കാന്‍ പോയതിനുള്ള ശിക്ഷ!!! ഇന്ന് വൈകുന്നേരം എന്തായാലും പോയി ആവശ്യത്തിന്‌ പച്ചക്കറിയെല്ലാം വാങ്ങണം. മാത്രവുമല്ല കുറച്ചു സേമിയ ഇരിക്കുന്നതുകൊണ്ട്‌ ഒരു സേമിയപ്പായസവും ഉണ്ടാക്കണം. ഏതെങ്കിലും ഒരുനേരത്തെ അത്തസദ്യയെങ്കിലും നന്നാക്കണ്ടേ.......