My Photo
Name:
Location: Chennai, Tamil Nadu, India

Wednesday, August 31, 2005

ഖജുരാഹോ - II

പിറ്റേന്ന് രാവിലെ ഞങ്ങള്‍ വാടകയ്ക്ക്‌ രണ്ട്‌ സൈക്കിള്‍ എടുത്ത്‌ Eastern and Southern group-ലെ അമ്പലങ്ങള്‍ കാണാന്‍ പോയി. Southern group-ലെ ദുലാദേവക്ഷേത്രത്തിലേക്കാണ്‌ ആദ്യം ഞങ്ങള്‍ പോയത്‌. ചന്ദേലരഭരണത്തിന്റെ അവസാനകാലഘട്ടങ്ങളില്‍ (ഏതാണ്ട്‌ 1130-കളില്‍) മദനവര്‍മന്‍ പണികഴിപ്പിച്ച ഇത്‌ ഒരു ശിവക്ഷേത്രമാണ്‌. അവിടെനിന്ന് ഞങ്ങള്‍ ഒരു വിഷ്ണു ക്ഷേത്രമായ ചതുര്‍ഭുജക്ഷേത്രത്തിലേക്കാണ്‌. ഇതില്‍ ഒന്‍പതടി പൊക്കമുള്ള ഒരു വിഷ്ണുവിഗ്രഹം ഉണ്ട്‌. ലൈഗീകശില്‍പങ്ങള്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഒരമ്പലം കൂടിയാണിത്‌. ഇവിടുത്തെ കൊത്തുപണികള്‍ പ്രധാനമായും പുരാണകഥാപാത്രങ്ങള്‍ തന്നെയാണ്‌.

ഞങ്ങള്‍ പിന്നീട്‌ സന്ദര്‍ശിച്ചത്‌ ജൈന്‍ ക്ഷേത്രങ്ങളായ പാര്‍ശ്വനാഥക്ഷേത്രം, ആദിനാഥക്ഷേത്രം എന്നിവയാണ്‌. ഇതില്‍ പാര്‍ശ്വനാഥക്ഷേത്രമാണ്‌ വലുപ്പത്തിലും, ഭംഗിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. ഈ അമ്പലങ്ങള്‍ പാര്‍ശ്വനാഥന്‍, ആദിനാഥന്‍ എന്നീ ജൈന തീര്‍ത്ഥങ്കരന്മാരുടെ പേരിലുള്ള അമ്പലങ്ങളാണ്‌. ഒരു ജൈനക്ഷേത്രമായിട്ടുപോലും പാര്‍ശ്വനാതക്ഷേത്രത്തിന്റെ പുറംചുമരുകളില്‍ പ്രധാനമായും ഹിന്ദുദൈവങ്ങളുടേയും, അപ്സരസ്സുകളുടേയും ശില്‍പങ്ങളാണ്‌ കാണാന്‍ കഴിയുക. കാലില്‍നിന്നു മുള്ളെടുകുന്ന സ്ത്രീയുടെ ശില്‍പം ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ഒന്നാണ്‌. ശില്‍പങ്ങളുടെ ആകാരഭംഗിക്കും പ്രസിദ്ധമാണ്‌ ഈ ക്ഷേത്രം. ഇതിന്റെ തൊട്ടടുത്തായിട്ടാണ്‌ ആദിനാതക്ഷേത്രവും നിലകൊള്ളുന്നത്‌. ഇതിന്റെ അര്‍ദ്ധമണ്ഡപവും മണ്ഡപവും നശിച്ചുപോയിരിക്കുന്നു. ആകെ ശ്രീകോവില്‍ മാത്രമാണ്‌ ബാക്കിയുള്ളത്‌.

അവിടെനിന്ന് Eastern group-ലെ അടുത്ത അമ്പലത്തിലേക്കുള്ള യാത്ര ഖജുരാഹോഗ്രാമത്തിലൂടെയായിരുന്നു. മണ്ണൂകൊണ്ടുണ്ടാക്കിയ വളരെ ചെറിയ വീടുകളാണ്‌ പ്രധാനമായും അവിടെ കാണാന്‍ കഴിഞ്ഞത്‌. വഴിയുടെ രണ്ടുവശങ്ങളിലും നിരനിരയായിട്ടായിരുന്നു അവ നിലകൊണ്ടിരുന്നത്‌, ഏതാണ്ട്‌ ഒരു പാലക്കാടന്‍ പട്ടന്മാരുടെ ഗ്രാമം പോലെ. ഘണ്ടായിക്ഷേത്രം ഏതാണ്ട്‌ പൂര്‍ണ്ണമായി നശിച്ചു എന്നുതന്നെ പറയാം. നാലഞ്ചു തൂണുകള്‍ മാത്രമാണ്‌ അവശേഷിക്കുന്നത്‌. നിനോര തടാകത്തിന്റെ തീരത്താണ്‌ ബ്രഹ്മക്ഷേത്രം നിലകൊള്ളുന്നത്‌. ഇതും നശിച്ച നിലയിലാണ്‌, ശ്രീകോവില്‍ മാത്രം അവശേഷിക്കുന്നു. കൊത്തുപണികള്‍ ഒന്നും തന്നെ ബാക്കിയില്ലതാനും. ജാവരിക്ഷേത്രം പാടത്തിന്റെ നടുവിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇത്‌ ഒരു വിഷ്ണു ക്ഷേത്രമാണ്‌. ഇതിന്റെ അര്‍ദ്ധമണ്ഡപത്തിന്റെ മുകള്‍ഭാഗത്തിലെ കൊത്തുപണികള്‍ അതിമനോഹരങ്ങളാണ്‌. ഒറ്റനോട്ടത്തില്‍ മരത്തില്‍ ചെയ്തതാണെന്നു തോന്നിപ്പോകും. ഇതിന്നടുത്തുതന്നെ നിലകൊള്ളുന്ന വാമനക്ഷേത്രവും മറ്റൊരു വിഷ്ണുക്ഷേത്രമാണ്‌.

ഏതാണ്ട്‌ ഒരുമണിയായപ്പോഴേക്കും ഞങ്ങള്‍ ഈ ക്ഷേത്രദര്‍ശനങ്ങളെല്ലാം കഴിച്ച്‌ ഖജുരാഹോ ടൌണില്‍ തിരിച്ചെത്തി. ഈ യാത്രയില്‍, അമ്പലങ്ങളുടെ ഭംഗിമാത്രമല്ല, സൈക്കിളില്‍ ഗ്രാമപ്രദേശത്തുകൂടിയുള്ള യാത്രകൂടി ഞങ്ങള്‍ ആസ്വദിച്ചു. വളരെക്കാലത്തിനുശേഷമാണ്‌ ഇത്രയുമധികം ദൂരം സൈക്കിള്‍ ചവിട്ടുന്നത്‌. മലകളാല്‍ ചുറ്റപ്പെട്ടതും, വയലുകള്‍ നിറഞ്ഞതും ആയ ഒരു ഗ്രാമത്തിലൂടെ, വെയിലിന്‍ ചൂടേറ്റുവാങ്ങി, മാവിന്‍ തണലില്‍ കാറ്റുകൊണ്ടു വിശ്രമിച്ച്‌, തടാകക്കരയില്‍ പ്രകൃതിഭംഗിയാസ്വദിച്ച്‌, ഒരു ശതകത്തിലധികം കാലം പ്രകൃതിയോടു മല്ലിട്ട്‌ നിലകൊള്ളുന്ന അമ്പലങ്ങളെ ദര്‍ശിച്ച്‌ ഞങ്ങള്‍ തിരിച്ചെത്തിയപ്പോഴേക്കും രണ്ടുപേര്‍ക്കും തളര്‍ച്ചയും അതിനോടൊപ്പം തന്നെ ഒരു പുത്തനുണര്‍വ്വും ഉണ്ടായിരുന്നു. ഊണുകഴിച്ച്‌ ഞങ്ങള്‍ കുറച്ചുനേരം, ഏകദേശം 15 മിനിറ്റ്‌, ഹോട്ടല്‍ മുറിയില്‍ വന്ന് വിശ്രമിച്ചു. അതിനു ശേഷം ഒരു ഓട്ടോറിക്ഷയെടുത്ത്‌ പത്തൊന്‍പതു കിലോമീറ്റര്‍ ദൂരെയുള്ള റാണെ വെള്ളച്ചാട്ടം കാണാന്‍ പോയി.

ഖജുരാഹോയില്‍നിന്ന് വടക്കു-കിഴക്കു ഭാഗത്തായിട്ട്‌ കെന്‍ നദിയിലുള്ള ഒരു വെള്ളച്ചാട്ടമാണിത്‌. വെള്ളച്ചാട്ടത്തിന്‌ ഏതാണ്ട്‌ ഒരു കിലോമീറ്റര്‍ മുന്‍പില്‍ വച്ച്‌ വണ്ടിക്കും നമ്മള്‍ക്കുമുള്ള പ്രവേശനക്കൂലി കൊടുക്കണം. ഒരാള്‍ക്ക്‌ 10ക വീതവും, ഓട്ടൊറിക്ഷക്ക്‌ 40ക. യും, ഫോട്ടോ ക്യാമറക്ക 40ക. യും, വീഡിയോ കാമറക്ക്‌ 300ക. യും കൊടുക്കണം. പിന്നെ അവിടെ guide നിര്‍ബ്ബന്ധമാണ്‌. കുറച്ചുകാലം മുന്‍പെപ്പോഴൊ ഒരു കുടുംബം വന്ന്, തോന്നിയപോലെ എങ്ങോട്ടൊക്കെയോ പോയി, വെള്ളത്തില്‍ വീണു മരിച്ചു. അതിനുശേഷം അവിടെ കൊണ്ടുനടക്കാനും, അപകടത്തരങ്ങളൊന്നും കാണിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും ഒരോ ഗ്രൂപ്പിനും ഒരാളെ നിയോഗിക്കാന്‍ ഗവണ്‍മന്റ്‌ തീരുമാനിച്ചു. അതിന്‌ 25ക.യും നമ്മള്‍ കൊടുക്കണം. അനേകായിരം കൊല്ലങ്ങള്‍ക്കുമുന്‍പ്‌ അവിടെ ഒരു അഗ്നിപര്‍വ്വതം പൊട്ടിയെന്നും അതില്‍നിന്നും ഒലിച്ചുവന്ന ലാവ ഉറച്ചതാണ്‌ അവിടെകാണുന്ന പാറകള്‍ എന്നുമാണ്‌ ഞങ്ങളുടെ guide
പറഞ്ഞത്‌. അവിടുത്തെ പാറകള്‍ കണ്ടാല്‍ അദ്ദേഹം പറഞ്ഞത്‌ ശരിയാണെന്നു തോന്നുകയും ചെയ്യും. ഗ്രാനൈറ്റ്‌, ഡോളോമൈറ്റ്‌, ക്വാര്‍ട്സ്‌ തുടങ്ങിയ പലതരത്തിലും പല വര്‍ണ്ണത്തിലുമുള്ള പാറകള്‍ ഇടകലര്‍ന്ന് അവിടെ കാണാം. പരന്നു കിടക്കുന്ന ഈ പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ വെള്ളം പ്രവഹിക്കുന്നു. കുറച്ചുദൂരത്തെ ഈ സമതലത്തിലൂടെയുള്ള ഒഴുക്കിനു ശേഷം പല ആകാരത്തിലും, പല വഴികളിലൂടെയും 20-30 മീറ്റര്‍ താഴേക്കു പതിക്കുന്നു. ഞങ്ങള്‍ ചെല്ലുന്നതിനു 3-4 ദിവസം മുന്‍പ്‌, അതിശക്തമായ മഴമൂലം അവിടം മുഴുവന്‍ വെള്ളമായിരുന്നു. പാറയേതാണ്‌, നദിയേതാണെന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധമായിരുന്നു. ഇവിടെ പ്രധാനമായും രണ്ടു വെള്ളച്ചാട്ടമാണുള്ളത്‌. അതില്‍ ഒരെണ്ണം 20മീറ്റര്‍ പൊക്കമുള്ളതും മറ്റേത്‌ 30മീറ്റര്‍ പൊക്കമുള്ളതുമാണ്‌. മഴക്കാലത്ത്‌ വലിയ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക്‌ പോകാന്‍ സാധ്യമല്ല. വേനല്‍ക്കാലത്തും അവിടേക്ക്‌ പോകാന്‍ പാടില്ല, പക്ഷേ ഈ ഗൈഡുകള്‍ക്ക്‌ കുറച്ചു കൈക്കൂലി കൊടുത്താല്‍ അവര്‍ നമ്മളെ അവിടം വരെ കൊണ്ടുപോകും. ഞങ്ങള്‍ക്കെന്തായാലും വലിയ വെള്ളച്ചാട്ടം അടുത്തുനിന്നു കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. എങ്കിലും അകലെ നിന്നു കണ്ടാസ്വദിച്ചു. പച്ച, ചുമപ്പ്‌, കറുപ്പ്‌, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള പാറകള്‍ ഇടകലര്‍ന്നിരിക്കുന്നതിനിടയിലൂടെ പ്രതലത്തിനു മുകളിലായി മഴവില്ല് പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ഒഴുകിനടക്കുന്ന കെന്‍ നദിയുടെ കാഴ്ച അതിമനോഹരം തന്നെയാണ്‌. ഒരു മണിക്കൂറിലധികം ആ അസുലഭ സൌന്ദര്യം ആസ്വദിച്ച്‌ ഞങ്ങള്‍ അവിടെ നിന്നു. അതിനുശേഷം മടങ്ങി.

വൈകുന്നേരത്തിനു മുന്‍പു തന്നെ ഞങ്ങള്‍ തിരിച്ചെത്തി. തല്‍ക്കാലം വേറൊന്നും കാണാനില്ലാത്തതുകൊണ്ട്‌ ഞങ്ങള്‍ ലക്ഷ്മണക്ഷേത്രത്തിന്റേയും, കന്താരിയ മഹാദേവക്ഷേത്രത്തിന്റേയും, വിശ്വനാഥക്ഷേത്രത്തിന്റേയും ഭംഗി ഒന്നുകൂടി ആസ്വദിക്കാനായി അങ്ങോട്ടുകയറി. മേഘം ഒട്ടുംതന്നെ ഇല്ലാത്ത തെളിഞ്ഞ ഒരു ദിവസമായിരുന്നു അത്‌. അസ്തമയസൂര്യന്റെ കിരണങ്ങളാല്‍ സ്വര്‍ണ്ണപ്പട്ടുപുതച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങളെ എത്രനേരം നോക്കിയിരുന്നാലും മതിവരില്ല!!! അസ്തമയം കഴിഞ്ഞ്‌ കിളികള്‍ കൂടുകളിലേക്ക്‌ ചേക്കേറിത്തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ അവിടെനിന്നും ഇറങ്ങി. അവിടെയുള്ള മ്യൂസിയത്തിന്റെ അങ്കണത്തില്‍ നില്‍ക്കുന്ന ഒന്നുരണ്ടു മരങ്ങളില്‍ നിറയെ തത്തകള്‍. ഒരു യൂക്കാലി മരത്തിന്മേല്‍ ഇലകളേക്കാള്‍ കൂടുതല്‍ തത്തകളായിരുന്നു. തത്തകളുടെ ബഹളം അവിടുത്തെ മറ്റെല്ലാ ശബ്ദത്തേയും കവച്ചുവച്ചിരുന്നു. കുറച്ചുനേരം ആ 'സംഗീത'വും ആസ്വദിച്ചതിനു ശേഷം അത്താഴം കഴിച്ച്‌ ഹോട്ടല്‍ മുറിയിലേക്ക്‌ തിരിച്ചു. പിറ്റേന്ന് രാവിലെ 7മണിക്കുള്ള ബസ്സില്‍ തിരിച്ച്‌ സത്നയിലേക്കും അവിടെനിന്ന് 12മണിക്ക്‌ ട്രെയിനില്‍ അലഹബാദിലേക്കും ഞങ്ങള്‍ യാത്രചെയ്തു. വൈകുന്നേരം അഞ്ചുമണിയോടുകൂടി സുന്ദരദൃശ്യങ്ങള്‍ ക്യാമറയിലും മനസ്സിലും നിറച്ച്‌ ഞങ്ങളുടെ കൊട്ടാരത്തില്‍ തിരിച്ചെത്തി.

0 Comments:

Post a Comment

<< Home