My Photo
Name:
Location: Chennai, Tamil Nadu, India

Wednesday, August 17, 2005

തിരിച്ചെത്തി..............

പുതുവത്സരാശംസകള്‍.............

ഒരു മാസത്തെ ദക്ഷിണപര്യടനം അവസാനിപ്പിച്ച്‌, ഞാന്‍ തിങ്കളാഴ്ച മടങ്ങിയെത്തി. മുംബയിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകാതെ രക്ഷപ്പെട്ടു. ഞങ്ങള്‍ (ഞാനും എന്റെ വാമഭാഗവും) IIT-ല്‍ ആയിരുന്നു താമസം. അവിടേയും വെള്ളം കുറച്ചു കഷ്ടപ്പെടുത്തിയെങ്കിലും, കാര്യമായി ഒന്നും സംഭവിച്ചില്ല. ചൊവ്വാഴ്ച ആയിരുന്നു ഈ ഭീകരവര്‍ഷം ഉണ്ടായത്‌. ഞങ്ങള്‍ IIT-യില്‍ ഇരുന്ന് മഴ ആസ്വദിച്ചു. അവിടുത്തെ ചില ഹോസ്റ്റലുക്കളില്‍ വെള്ളം കയറിയെന്നും, രാത്രി കുട്ടികള്‍ക്കൊന്നും ഉറങ്ങാന്‍ സാധിച്ചില്ല എന്നുമുള്ള വാര്‍ത്തകള്‍ പിറ്റേന്നു കേട്ടു. പുറത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇതിലുമൊക്കെ ഭീകരമാകുമെന്ന് മുംബെയിലെ പത്തുകൊല്ലത്തെ പരിചയം എന്നെ ഓര്‍മ്മിപ്പിച്ചു. രാത്രിയായിട്ടും മഴ തുടരുന്നതു കണ്ട്‌, ഞാന്‍ ചില ബന്ധുക്കളെ ഫോണ്‍ ചെയാന്‍ ശ്രമിച്ചു. എവിടേക്കും ലൈന്‍ പോകുന്നില്ല!!! ഭാഗ്യവശാല്‍ എന്റെ മൊബൈലില്‍നിന്ന് പുറത്തേക്കു വിളിക്കാന്‍ പറ്റിത്തുടങ്ങിയിരുന്നു. അനവധി സമയത്തെ ശ്രമത്തിനു ശേഷം, ചിലരുമായി ബന്ധപ്പെടാന്‍ സാധിച്ചു. ഒരു താത്ക്കാലിക പുഴയായ്‌ മാറിയ മുംബെയിലെ തീവണ്ടി ട്രാക്കുകള്‍ക്കിടയിലൂടെയും, റോഡുകളിലൂടെയും നീന്തി നടക്കുന്ന കുറച്ചു ബന്ധുക്കളുടേയും ദോസ്തുക്കളുടേയും വിവരങ്ങള്‍ ലഭിച്ചു. അങ്ങേയറ്റം ഭാഗ്യം സിദ്ധിച്ച ചിലര്‍,
അത്താഴത്തിനു മുന്‍പു തന്നെ നീന്തി കരപറ്റിയിരുന്നു. അവരില്‍ നിന്നു ലഭിച്ച വിവരണങ്ങള്‍ പുളകം കൊള്ളിക്കുന്നതായിരുന്നു. ഇവിടെ ഇങ്ങനെ പുളകം കൊള്ളിക്കുന്നത്‌ എന്നൊക്കെ എഴുതാം എന്നൊക്കേള്ളൂ... ആ കുത്തൊഴുക്കില്‍ ജീവന്‍ പോയവരെ ആലോചിക്കുമ്പോള്‍ വളരെ സങ്കടം തന്നെയാണ്‌ തോന്നുന്നത്‌. മുംബെയില്‍ നിന്നകന്ന്, കല്യാണ്‍ ജില്ലയിലെ കാര്യം ഇതിലുമൊക്കെ ഭീകരമായിരുന്നു. വെള്ളത്തിന്റെ വരവു വര്‍ദ്ധിച്ചതു കൊണ്ട്‌, ബദലാപൂര്‍ അണക്കെട്ട്‌ ഭാഗീകമായി തുറന്നു. മഴവെള്ളവും, അണക്കെട്ടിലെ വെള്ളവും ചേര്‍ന്ന് ആ പ്രദേശങ്ങളില്‍ ഒരു താണ്ഡവം തന്നെ നടത്തി. ആ ഭാഗങ്ങളില്‍ താമസിക്കുന്നവരില്‍ പലരും തന്നെ മുംബെയില്‍ ജോലി ചെയ്യുന്നവരാണ്‌. ഈ മലവെള്ളം വന്ന സമയത്ത്‌, മിക്ക വീടുകളിലും ഗൃഹനാഥന്‍ ജോലി സ്ഥലത്തു കുടുങ്ങിക്കിടക്കുകയായിരുന്നു. സ്ത്രീകള്‍ ഒറ്റക്ക്‌ എത്രണ്ടും സാധനങ്ങള്‍ വീട്ടില്‍ നിന്നെടുത്ത്‌ ഒരു സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റാന്‍ സാധിക്കും? ചില വീടുകളിലാണെങ്കില്‍, രണ്ടുപേരും ജോലിക്കാരും. പലരുടേയും, TV, fridge, washing machine, furnitures തുടങ്ങിയ എല്ലാം നശിച്ചു. മുംബെയില്‍ സ്ഥിരതാമസക്കാരനും, കഥകളി വിദ്വാനുമായ ശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണനു സംഭവിച്ച നഷ്ടങ്ങള്‍, അദ്ദേഹത്തിന്റെ മാത്രമല്ല, മറിച്ച്‌, കലയെ സ്നേഹിക്കുന്ന എല്ലാവരുടേയുമാണ്‌. അദ്ദേഹത്തിന്റെ പക്കല്‍, വളരെ പഴയ പല കഥകളി വിഡിയോകളും ഉണ്ടായിരുന്നു. പഴയ പല കലാകാരന്മാരുടേയും ചില memorable preformances-ന്റെ വീഡിയോ അദ്ദേഹം സംഘടിപ്പിച്ചു വച്ചിരുന്നു. പലതിനും മറ്റൊറു പതിപ്പ്‌ വേറെ എവിടേയും ഇല്ലതാനും. ഈ മലവെള്ളകുത്തൊഴുക്കില്‍ ഇതില്‍ പലതും നശിച്ചു പോയി. TV, fridge മുതലായ നഷ്ടങ്ങള്‍ നമുക്കു കുറച്ചു സാമ്പത്തിക ബാദ്ധ്യതകള്‍ വരുത്തിവെക്കുമെങ്കിലും, കുറച്ചുകാലത്തെ അദ്ധ്വാനം കൊണ്ട്‌ നികത്തിയെടുക്കാന്‍ സാഷിക്കും. ഗോപാലകൃഷ്ണന്‍ മാഷ്ക്കു സംഭവിച്ചതു പോലത്തെ നഷ്ടങ്ങള്‍ നികത്തപ്പെടാന്‍ സാധിക്കതാണ്‌. നികത്തപ്പെടാന്‍ സാധിക്കാത്ത മറ്റനവധി നഷ്ടങ്ങള്‍ - ജീവന്‍ - അവിടെ സംഭവിച്ചിട്ടുണ്ട്‌. ആരോടു പരാതി പറയും? ആരിതിനുത്തരം പറയും?

ഞങ്ങള്‍ ശനിയാഴ്ചത്തെ ദാദര്‍-ചെന്നൈ തീവണ്ടിക്ക്‌ ടിക്കറ്റ്‌ ബൂക്കു ചെയ്തിരുന്നു. പക്ഷേ ആ ദിവസങ്ങളില്‍ എല്ലാ തീവണ്ടികളും റദ്ദാക്കപ്പെട്ടു. റെയില്‍ ഗതാഗതം പുനരാരംഭിക്കുന്നതു വരെ കാത്തിരിക്കുന്നത്‌ വലിയ മണ്ടത്തരമാണെന്നു മനസ്സിലാക്കിയ ഞങ്ങള്‍ വായുമാര്‍ഗ്ഗം സഞ്ചരിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്നു നോക്കാന്‍ തീരുമാനിച്ചു. വിമാനത്താവളത്തില്‍ ചെന്നു നോക്കിയപ്പോള്‍, പൂരത്തിന്റെ ദിവസം, തൃശ്ശൂര്‍ റൌണ്ടില്‍ എത്തിയ പ്രതീതി! ആദ്യം തന്നെ കുറഞ്ഞ കാശിനു യാത്രചെയ്യാന്‍ പറ്റിയ ചില വിമാനങ്ങള്‍ക്കു ബുക്കുചെയ്യാന്‍ ശ്രമിച്ചു. ഒരു രക്ഷയുമില്ല. പല വിമാനങ്ങളും യാത്ര റദ്ദാക്കിയിരുന്നു. ഓടുന്നവയിലാണെങ്കിലോ ഒരുമാസത്തെ ശമ്പളം വേണം മദിരാശിയിലെത്താന്‍. അത്രക്കു ധൃതിയില്ല എന്നു തീരുമാനിച്ച്‌ ഞങ്ങള്‍ ദാദറിലേക്കു വിട്ടു. ശനിയാഴ്ച ആയപ്പോഴേക്കും Express highway ഗതാഗതത്തിനായി തുറന്നിരുന്നു. ഞായറാഴ്ചത്തേക്ക്‌ ഒരു വോള്‍വൊ ബസ്സില്‍ ബാംഗ്ലൂരിലേക്കു ബുക്കു ചെയ്തു. ശനിയാഴ്ച രാത്രി ദാ മഴ വീണ്ടും തുടങ്ങി. ഞായറാഴ്ച ഉച്ചയാവാറായിട്ടും മഴ നില്‍ക്കാന്‍ യാതൊരു ഭാവവും കാണിക്കുന്നില്ല. വൈകുന്നേരം 6 മണിക്കാണ്‌ ബസ്സ്‌. ഹൃദയമിടിപ്പ്‌ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. വീണ്ടൂം യാത്ര മാറ്റിവെക്കേണ്ടിവരുമോ എന്നു സംശയിക്കാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ മഴ തത്ക്കാലത്തേക്ക്‌ ഒന്നു ശമിച്ചു. ബസ്സു ബുക്കു ചെയ്ത സ്ഥലത്തേക്കു വിളിച്ചു ചോദിച്ചപ്പോള്‍ ബസ്സ്‌ പോകുന്നുണ്ടെന്നവര്‍ പറഞ്ഞു. ഉച്ചക്കു ശേഷം മഴ ശല്യപ്പെടുത്തിയില്ല. ശുഭയാത്ര...............

ബാംഗ്ലൂരില്‍ നിന്ന് ശതാബ്ദി പിടിച്ചു തിങ്കളാഴ്ച രാത്രിയായപ്പോഴേക്കും മദിരാശിയില്‍ എത്തി. അവിടെ ഞാന്‍ രണ്ടാഴ്ച ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ്‌ മദിരാശിയില്‍ പോകുന്നത്‌. അവിടെ എത്തിയപ്പോള്‍ മഴക്കാറുണ്ടായിരുന്നെങ്കിലും, മഴ പെയ്യുക എന്ന സംഭവം വളരെ ദുര്‍ലഭമായിരുന്നു. ഒന്നു രണ്ടു ദിവസം ചെറുതായിട്ടോന്നു ചാറി, അത്രതന്നെ. വൈകുന്നേരങ്ങളില്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും നല്ല കാറ്റു വീശും. അതുകൊണ്ടുതന്നെ നഗരം തണുക്കുകയും ചെയ്യും. നഗരത്തിന്റെ ഏറ്റവും വലിയ ശാപം അവിടുത്തെ ഓട്ടോറിക്ഷകളാണ്‌. എല്ലാ വണ്ടികളിനും മീറ്റര്‍ ഉണ്ടാകുമെങ്കിലും, അതുവെറും കാഴ്ചക്കു വെച്ചിരിക്കുന്നതാണ്‌. ആരും തന്നെ മീറ്റര്‍ ചാര്‍ജ്ജില്‍ വരാന്‍ സമ്മതിക്കില്ല. ആദ്യത്തെ കുറച്ചു തിക്താനുഭവങ്ങള്‍ക്കു ശേഷം, ഞാന്‍ പരമാവധി ഓട്ടോ ഒഴിവാക്കി യാത്രചെയ്തു. 13-ാ‍ം തിയതി മദിരാശിയില്‍ നിന്ന് ഞങ്ങള്‍ തിരിച്ചുള്ള വണ്ടികയറി. ഇനി വീണ്ടും regular ആയി ബ്ലോഗാമെന്നു വിചാരിക്കുന്നു.

6 Comments:

Blogger SunilKumar Elamkulam Muthukurussi said...

Welcome.

7:06 PM  
Blogger സു | Su said...

സ്വാഗതം :)
ഓണാശംസകൾ !

8:28 PM  
Blogger aneel kumar said...

വെൽക്കം ബാക്ക്!

2:35 AM  
Blogger കെവിൻ & സിജി said...

എനിയ്ക്കു കേട്ടറിവു മാത്രമുള്ള പേമാരിയൊന്നിൽ കുടുങ്ങിയെങ്കിലും തിരിച്ചെത്തിയെന്നറിയുന്നതിൽ ബഹുത്തു് സന്തോഷം. അനുഭവങ്ങൾ (ക്രോഡീകരിച്ചതെങ്കിലും) എഴുതിയതു വായിയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷം. നഷ്ടങ്ങളുടെ ചെറിയ കണക്കുകൾ പോലും എത്ര ഭീകരമായിരിയ്ക്കും മൊത്തത്തിലുള്ള നാശം എന്നോർമിപ്പിയ്ക്കുന്നു, അതോർത്തു ദുഃഖിയ്ക്കുന്നു.

11:25 AM  
Blogger Kalesh Kumar said...

ജയന്തന്റെ ബ്ലോഗുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മഴയുടെ ഭീകരത അനുഭവിക്കാൻ കഴിഞ്ഞുവല്ലേ? ദൈവാനുഗ്രഹം കൊണ്ട്‌ കൂടുതൽ കഷ്ടപ്പെടാതെ തിരിച്ചെത്തിയില്ലേ?വളരെ സന്തോഷം! മഴയുടെ ഭീകരതയെ കുറിച്ച്‌ അറിഞ്ഞതിൽ വിഷമമുണ്ട്‌!
വെൽക്കം ബാക്ക്‌! ബ്ലോഗുകൾക്കായി കാത്തിരിക്കുന്നു!

12:33 AM  
Blogger ചില നേരത്ത്.. said...

പ്രിയ ജയന്‍.
ബ്ലോഗ്ഗിംഗ്‌ പുനരാരംഭിച്ചതില്‍ സന്തോഷിക്കുന്നു..
പത്രവാര്‍ത്തകളേക്കാള്‍, ബ്ലോഗ്‌ ചെയ്യുന്നവര്‍ മുംബൈ വാര്‍ത്തകള്‍ തനിമയോടെയും അതിശയോക്തിയില്ലാതെയും എത്തിച്ച്‌ തന്നു. നന്ദി..
നന്മയിലേക്ക്‌ വളരാന്‍ ഈ കൂട്ടായ്മകള്‍ക്ക്‌ കഴിയട്ടെ എന്നാശംസിക്കുന്നു.
-ഇബ്രു-

7:29 PM  

Post a Comment

<< Home