Jayan's blog

My Photo
Name:
Location: Chennai, Tamil Nadu, India

Thursday, September 15, 2005

ഓണവാര്‍ത്തകള്‍

എല്ലാവര്‍ക്കും ഓണാശംസകള്‍

അലഹബാദിലാണെങ്കിലും ഞങ്ങല്‍ ഇത്തവണ ഭംഗിയായിട്ടുതന്നെ ഓണം ആഘോഷിക്കുന്നുണ്ട്‌. കഴിഞ്ഞ വാരാന്ത്യത്തില്‍ ദില്ലിയില്‍ പോയിരുന്നു. പപ്പടം, കായവറുത്തത്‌ (വട്ടത്തിലും, നാലാക്കിയും വറുത്ത രണ്ടുതരവും), ശര്‍ക്കരഉപ്പേരി, വെളിച്ചെണ്ണ, കായ എന്നിവ വാങ്ങിക്കൊണ്ടു വന്നിരുന്നു. ഇന്നലെത്തേക്കുതന്നെ കായമുഴുവന്‍ പഴുത്തിരുന്നു. അതുകൊണ്ട്‌ ഉത്രാടപ്രാതലും, തിരുവോണപ്രാതലും എല്ലാക്കൊല്ലത്തേയും പോലെ പഴം നുറുക്കുതന്നെ ആയിരുന്നു. ഇന്ന് ഇനി സദ്യ ഒരുക്കുന്നത്‌ രാത്രിയാണ്‌. ഞങ്ങള്‍ക്ക്‌ ഒറ്റക്ക്‌ ആഘോഷിക്കാനാണെങ്കില്‍ ഉച്ചക്കായാലും സാധിക്കും, പക്ഷേ ഞങ്ങളുടെ ആഘോഷത്തില്‍ പങ്കുകൊള്ളാന്‍ ഈയിടെയായി അലഹബാദിലെത്തിയ മറ്റൊരു മലയാളി കുടുംബം കൂടിയുണ്ട്‌. അവര്‍ക്ക്‌ ജോലിയുള്ളതുകൊണ്ട്‌ സദ്യ രാത്രിയിലേക്കു മാറ്റി. രാത്രി വിസ്തരിച്ചു തന്നെയാണ്‌ പുറപ്പാട്‌; കാളന്‍, അവിയല്‍, എരിശ്ശേരി, സാമ്പാര്‍, പായസം എന്നീ സ്പെഷ്യല്‍ കൂടാതെ, ചോറ്‌, തോരന്‍, പപ്പടം, വട്ടത്തിലും, നാലാക്കിയും നുരുക്കി വറുത്ത കായ ഉപ്പേരി, ശര്‍ക്കരഉപ്പേരി, ആയിരംകറി (ഇഞ്ചിത്തൈര്‌) എന്നിവയും സദ്യവട്ടങ്ങളില്‍ പെടും. ഓണദിവസംതന്നെ പറയാം എന്നുകരുതിവച്ച മറ്റൊരു വിശേഷം കൂടിയുണ്ട്‌. എന്റെ ഉത്തരേന്ത്യന്‍വാസം ഈ തിങ്കളാഴ്ച അവസാനിക്കുന്നു. മദിരാശി IIT-യില്‍ വാദ്ധ്യാരായി ജോലികിട്ടി. ഞങ്ങള്‍ 19-ാ‍ം തിയതി അലഹബാദ്‌ വിടും. 26-ാ‍ം തിയതി അവിടെ ചേരും. അങ്ങിനെ ഇത്തവണത്തെ ഓണം നാട്ടില്‍നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം അകലെയാണെങ്കിലും, ആഘോഷിക്കാനും സന്തോഷിക്കാനും വകയുള്ള ഒന്നായി മാറിയിരിക്കുകയാണ്‌.

Friday, September 09, 2005

മയിലുകള്‍ പീലികള്‍ പൊഴിക്കും കാലം

ഉത്തരേന്ത്യയിലെ പല അദ്ധ്യയനസ്ഥാപനങ്ങളുടേയും campus-ല്‍ ധാരാളം മയിലിനെ കാണാം. ഞാന്‍ ജോലിചെയ്യുന്ന സ്ഥലത്തെ കാര്യവും വ്യത്യസ്തമല്ല. ഈ campus-ല്‍ കാടുപിടിച്ചു കിടക്കുന്ന ധാരാളം സ്ഥലമുള്ളതുകൊണ്ടുകൂടിയാവാം, അനവധി മയിലുകളെ ഇവിടെ കാണാം.

പീലിവിടര്‍ത്തിയാടുന്ന മയിലിന്റെ പടം കണ്ടിട്ടുണ്ടെന്നല്ലാതെ നേരിട്ടുകാണുന്നത്‌ ഇവിടെ വന്നതിനു ശേഷമാണ്‌. എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒരുദിവസം ചെന്നപ്പോള്‍, ഒരു മൂലയില്‍ അനവധി മയില്‍പീലികള്‍ കൂട്ടിയിട്ടിരിക്കുന്നത്‌ കണ്ടു. എവിടെനിന്നാണ്‌ ഇത്രയധികം തരാക്കിയതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, summer-ല്‍ മയില്‍ പീലികള്‍ പൊഴിക്കാന്‍ തുടങ്ങും. ആ സമയത്ത്‌ campus ചുറ്റിയടിച്ചാല്‍ ദിവസവും ധാരാളം പീലികള്‍ കിട്ടുമെന്ന്. Summer സമയത്ത്‌ ഒന്നും കിട്ടിയില്ലെങ്കിലും, കഴിഞ്ഞ കുറച്ചു ദിവസമായി മയില്‍പീലിവേട്ട നടത്തി ഞങ്ങള്‍ കുറേയെണ്ണം സംഘടിപ്പിച്ചു വച്ചിട്ടുണ്ട്‌. ആണ്‍മയിലുകള്‍ക്ക്‌ പെണ്‍മയിലുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയിട്ടാണല്ലോ ഈ ഭംഗിയുള്ള പീലികള്‍. അവയുടെ പുനരുത്പാദനസമയം ഏതാണ്ട്‌ മാര്‍ച്ചു മുതല്‍ ജൂലൈ വരെയാണ്‌. അതിനുശേഷം കുറച്ചുകാലത്തേക്ക്‌ അവയുടെ അണ്ഡോല്‍പാദനം നിലക്കും. ഈ സമയത്ത്‌ പെണ്ണുങ്ങളെ ആകര്‍ഷിച്ചിട്ട്‌ പ്രത്യേകിച്ച്‌ ഒരു കാര്യവുമില്ലെന്നുവരുമ്പോളാണ്‌ ഇവര്‍ പീലികള്‍ പൊഴിക്കുന്നത്‌. അടുത്ത അണ്ഡോല്‍പാദനസമയമാകുമ്പോഴേക്കും നല്ല പുതിയ ഭംഗിയുള്ള പീലികള്‍ ഉണ്ടാകും എന്നൊരു ഗുണം കൂടിയുണ്ട്‌ ഈ പൊഴിക്കലിന്‌. എന്തായാലും, ഞങ്ങള്‍ കഴിഞ്ഞ മൂന്നുനാലു ദിനം കൊണ്ട്‌ നാല്‍പതോളം പീലികള്‍ ശേഖരിച്ചു കൂട്ടിയിട്ടുണ്ട്‌. എന്റെ വാമഭാഗത്തിന്‌ ഇപ്പോഴും കമ്പം തീര്‍ന്നിട്ടില്ല. ഇനിയും ശേഖരിച്ചിട്ട്‌ എന്തുകാണിക്കാനാ, എനിക്കറിയില്ല.

Tuesday, September 06, 2005

അത്തം

ഇന്ന് അത്തം. നാട്ടിലെ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്ന ദിവസം. ഓണസദ്യയുടെ ആദ്യദിനം. വീട്ടില്‍ അത്തപ്രാതല്‍ എല്ലാക്കൊല്ലത്തേയും പോലെ പഴംനുറുക്കു തന്നെയാകും. നല്ല നറുതേന്‍ മധുരമുള്ള പഴുത്ത നേന്ത്രപ്പഴം വേവിച്ചത്‌ പപ്പടവും, കായവറുത്തതും കൂട്ടി വയര്‍ ഇപ്പൊപ്പൊട്ടും എന്നു തോന്നുംവരെ തട്ടിവിടാനുള്ള രസം പറഞ്ഞറിയിക്കാനാവില്ല. ഇവിടെ അലഹബാദില്‍ നേന്ത്രപ്പഴം കിട്ടാനില്ല. പ്രാതല്‍ ഞാഞ്ഞൂലായാലോ (noodles) എന്ന് വാമഭാഗം അഭിപ്രായം ചോദിച്ചപ്പോള്‍, ആദ്യം 'ഓ' എന്നു പറഞ്ഞൂച്ചാലും, പിന്നെയാണോര്‍ത്തത്‌ ഇന്ന് അത്തമാണല്ലോന്ന്. അത്തപ്രാതല്‍ അത്രക്ക്‌ മോശമാക്കരുതെന്ന് എനിക്കു തോന്നി. രണ്ടുദിവസം മുന്‍പ്‌ മലയാളി സ്റ്റോറില്‍ നിന്നു വാങ്ങിയ കപ്പ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതാകാം പ്രാതലിന്‌ എന്നു കരുതി അതെടുത്ത്‌ മുറിച്ചപ്പോഴാണ്‌ ചിലഭാഗം മരം പോലെയും, മറ്റുചിലഭാഗമാണെങ്കില്‍ കേടുവന്നതും. അത്തപ്രാതലിന്‌ ഒരു നാടന്‍ സ്വാദുവേണമെന്നു തോന്നിയിരുന്നു; എന്നാല്‍ ഇങ്ങനെ കേടുവന്ന നാടന്‍ സ്വാദായാലും ശരിയാവില്ല. പിന്നെ അടുക്കള പരതിയപ്പോഴാണ്‌ കുറച്ചു റവ ഇരിക്കുന്നതു കണ്ടത്‌. എന്നാല്‍ അങ്ങനെത്തന്നെ. അടുപ്പത്ത്‌ ചീനച്ചട്ടി വച്ച്‌ മുളകും കരുവേപ്പിലയുമെല്ലാം സംഘടിപ്പിച്ച്‌ നോക്കിയപ്പോള്‍ കടുകില്ല!!! ഇനി വീണ്ടും മാറ്റാന്‍ പറ്റില്ലെന്ന് തീരുമാനിച്ച്‌ കടുകില്ലാത്ത ഉപ്പുമാവ്‌ ഉണ്ടാക്കി. നന്നെ ചെറുതാണെങ്കിലും അവന്‍ ഇട്ടാല്‍ ഒരു സ്വാദൊക്കെയുണ്ടെന്ന് കടുകിടാത്ത ഉപ്പുമാവ്‌ കഴിച്ചപ്പോള്‍ മനസ്സിലായി. ഉച്ചക്ക്‌ ഒരു പാവം ചെറുപയര്‍ കൂട്ടാനാണുണ്ടാക്കുന്നതെന്നാണ്‌ വാമഭാഗം പറഞ്ഞത്‌. പച്ചക്കറിയെല്ലാം തീര്‍ന്നത്രെ. ഇന്നലെ വൈകുന്നേരം പച്ചക്കറിവാങ്ങാന്‍ പോകുന്നതിനു പകരം കാല്‍പ്പന്തു കളിക്കാന്‍ പോയതിനുള്ള ശിക്ഷ!!! ഇന്ന് വൈകുന്നേരം എന്തായാലും പോയി ആവശ്യത്തിന്‌ പച്ചക്കറിയെല്ലാം വാങ്ങണം. മാത്രവുമല്ല കുറച്ചു സേമിയ ഇരിക്കുന്നതുകൊണ്ട്‌ ഒരു സേമിയപ്പായസവും ഉണ്ടാക്കണം. ഏതെങ്കിലും ഒരുനേരത്തെ അത്തസദ്യയെങ്കിലും നന്നാക്കണ്ടേ.......

Thursday, September 01, 2005

Khajuraho photos

CLICK HERE for a collection of photos from our Khajuraho trip.