Jayan's blog

My Photo
Name:
Location: Chennai, Tamil Nadu, India

Friday, October 28, 2005

വെള്ളപ്പൊക്കത്തിനു നമസ്കാരം

ഞങ്ങള്‍ അലഹബാദിലായിരുന്ന കാലം, മെയ്‌- ജൂണ്‍. സൂര്യന്‍ കത്തിനില്‍ക്കുന്ന സമയം. എപ്പോള്‍ പുറത്തിറങ്ങണമെങ്കിലും രണ്ടുവട്ടം ആലോചിക്കണം. അങ്ങനെയുള്ള സമയത്താണ്‌ ഒരു ഹിമായലയസന്ദര്‍ശനം നടത്തിയത്‌. മണാലി വഴി കെലോങ്ങില്‍ ചെന്ന് അഞ്ചുദിവസം താമസിച്ച്‌ തിരിച്ചു പോന്നു. തിരിച്ച്‌ മണാലിയിലെത്തി അവിടെനിന്ന് ദില്ലിയിലെത്തിയപ്പോള്‍ കേള്‍ക്കുന്നു മണാലിയില്‍ വെള്ളപ്പൊക്കമാണെന്നും ഞങ്ങള്‍ ഭാഗ്യം കൊണ്ടാണ്‌ രക്ഷപ്പെട്ടതെന്നുമൊക്കെ. അതുകേട്ടപ്പോള്‍ ഞങ്ങള്‍ക്കു സമാധാനമായി, ഭാഗ്യമുണ്ട്‌. ഞങ്ങള്‍ തീരുമാനിച്ചു, ഇനിയും ഭാഗ്യമുണ്ടാകും. അലഹബാദില്‍ തിരിച്ചെത്തിയപ്പോഴേക്കും മഴക്കാറുകള്‍ എത്തിക്കഴിഞ്ഞിരുന്നു. അവിടെ മഴതുടങ്ങിയപ്പോഴേക്കുമാണ്‌ ഒരു മുംബൈ സന്ദര്‍ശനം തരായത്‌. മുംബയില്‍ നിന്ന് യാത്ര മദിരാശിയിലേക്കായിരുന്നു. മദിരാശിയാത്രയുടെ മൂന്നുദിവസം മുന്‍പേ വീണ്ടും മഴ തുടങ്ങി. മഴയെന്നു പറഞ്ഞാല്‍പോരാ, പെരുമഴ. ഇപ്രാവശ്യം വെള്ളപ്പൊക്കം ഞങ്ങളെ വിടാന്‍ തീരുമാനിച്ചിരുന്നില്ല. ഞങ്ങള്‍ IIT-യില്‍ താമസമാക്കിയിരുന്നതുകൊണ്ട്‌, പുറത്തുള്ളവരെപ്പോലെ ഞങ്ങളെ ഉപദ്രവിക്കാന്‍ പറ്റിയില്ല. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോന്ന് മഴ കരുതിയിട്ടുണ്ടാകും. തകര്‍ത്തങ്ങ്ട്‌ പെയ്തു. റെയില്‍ട്രാക്കെല്ലാം ഒലിച്ചു പോയി. മദിരാശിക്ക്‌ ടിക്കറ്റ്‌ ബുക്കുചെയ്തൂന്ന് പറഞ്ഞിട്ട്‌ കാര്യണ്ടോ? വണ്ടി പോണ്ടേ? ഞങ്ങള്‍ ബുദ്ധിമുട്ടി ബസ്സൊക്കെപിടിച്ച്‌ ബാംഗളൂര്‍ വഴി മദിരാശിയില്‍ ഒരുവിധം എത്തിച്ചേര്‍ന്നു. അങ്ങനെ മഴ ഉപദ്രവിച്ചൂച്ചാലും ഞങ്ങള്‍ക്ക്‌ എത്തേണ്ടിടത്ത്‌ എത്താന്‍ സാധിച്ചു. അങ്ങനെ മദിരാശി സന്ദര്‍ശനം കഴിഞ്ഞ്‌ അലഹബാദില്‍ തിരിച്ചെത്തി. മദിരാശിയില്‍ ജോലികിട്ടി. അലഹബാദുവിട്ട്‌ മദിരാശിയിലേക്ക്‌ യാത്രതിരിച്ചു. വീണ്ടും മഴ വില്ലനായി എത്തി. ആന്ധ്രപ്രദേശില്‍ ഗംഭീരന്‍ വെള്ളപ്പൊക്കം. പകുതിവഴി എത്തിയ തീവണ്ടി മറ്റൊരു വഴി തിരിച്ചു വിട്ടു. ആന്ധ്രപ്രദേശ്‌ മുഴുവന്‍ ചുറ്റിക്കറങ്ങി 13 മണിക്കുര്‍ വൈകി തീവണ്ടി മദിരാശിയിലെത്തിയപ്പോഴേക്കും ഞങ്ങള്‍ക്ക്‌ നാട്ടിലേക്കു പോകുവാനുള്ള 'ആലപ്പി എക്സ്‌പ്രസ്‌' സ്ഥലം വിട്ടിരുന്നു. പിറ്റേദിവസത്തെ 'ആലപ്പിക്ക്‌' ഞങ്ങള്‍ നാട്ടില്‍ പോയി തിരിച്ചെത്തി. അതു കഴിഞ്ഞ്‌ ഒരു മാസം കഴിഞ്ഞപ്പോഴാണ്‌ വീണ്ടും ഒന്നു നാട്ടില്‍ പോയാലോ എന്ന് ആലോചിച്ചത്‌. 28-ാ‍ം തിയതിക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. 26-ാ‍ം തിയതി രാവിലെ മഴ തുടങ്ങി. ഏതാണ്ട്‌ 36 മണിക്കൂര്‍ നിര്‍ത്താതെ പെയ്തു. കുറച്ചുകൊല്ലങ്ങളായി ഇങ്ങനെ മഴ പെയ്തിട്ടില്ലെന്നാണ്‌ എല്ലാവരും പറയുന്നത്‌. എല്ലാ വഴികളിലും വെള്ളം, പുഴപോലെ. പലര്‍ക്കും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ചിലര്‍ ഇതൊരു അവസരമാക്കിയെടുത്ത്‌ വീട്ടില്‍ കുത്തിയിരുന്ന് അവധിദിനം ആഘോഷിച്ചു. വീണ്ടും ഞങ്ങള്‍ IIT-യില്‍ ആയതുകൊണ്ട്‌ ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. ഞങ്ങളാണെങ്കില്‍ നാട്ടിലേക്ക്‌ ടിക്കറ്റും ബുക്കുചെയ്ത്‌ യാത്രക്ക്‌ തയ്യാറായി ഇരിക്കുകയാണ്‌. ഇത്തവണയും വെള്ളപ്പൊക്കം ഞങ്ങളെ ചതിക്കുമെന്നാണ്‌ കരുതിയത്‌. പക്ഷേ എന്തുകൊണ്ടോ, ഇന്നലെ രാത്രിയായപ്പോഴേക്കും മഴ കുറഞ്ഞു. ചിലപ്പോള്‍ Meteorological Department അടുത്ത 24 മണിക്കൂര്‍ കൂടി ഈ മഴ തുടരും എന്ന് പ്രവചിച്ചതുകൊണ്ടാകാം, മഴ പാടെ നിന്നു. ഇന്നു രാവിലെ സാക്ഷാല്‍ രവിയെയാണ്‌ കണികണ്ടത്‌. പഴയപ്രതാപം തിരിച്ചു കിട്ടിയിട്ടില്ലെങ്കിലും, അത്യാവശ്യം ഭംഗിയായിത്തന്നെ പ്രകാശിക്കുന്നു. ഇത്തവണ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടൂന്നാ തോന്നണേ. വൈകുന്നേരം വണ്ടി വിട്ടാല്‍ത്തന്നേ തീരുമാനമാകൂ. എന്തായാലും ഇപ്പോള്‍ പോകാന്‍ പറ്റും എന്നുള്ള പ്രതീക്ഷ നല്ലവണ്ണമുണ്ട്‌. ഇന്ന് പോയാല്‍ ബുധനാഴ്ച രാവിലെ തിരിച്ചെത്തും. വീണ്ടും സന്ധിക്കൈ വരൈക്കും വണക്കം.................

Monday, October 24, 2005

ഓണം മുതല്‍ ഇന്നു വരെ.............

കുറേ കാലമായി എഴുതിയിട്ട്‌. ഓണം തൊട്ടുതന്നെ തുടങ്ങാം ല്ലേ....... ഇക്കൊല്ലത്തെ ഓണം മാവേലിമന്നന്റെ ഒപ്പം കറങ്ങിനടന്ന് ഇന്ത്യയിലെ പല ഭാഗത്തുള്ള മലയാളികളുടെ കൂടെ ആഘോഷിച്ചു. സെപ്തംബര്‍ 11-ാ‍ം തിയതി ദില്ലിയില്‍ 'ഗായത്രി'-യുടെ കൂടെ ഓണാം ആഘോഷിച്ചു. അതിനുശേഷം സാക്ഷാല്‍ ഉത്രാടം, തിരുവോണം എന്നിവ അലഹബാദില്‍ സുഹൃത്തുകളുടെ കൂടെ. 19-ാ‍ം തിയതി അലഹബാദില്‍ നിന്ന് നാട്ടിലേക്ക്‌ തിരിച്ചു. വഴിയില്‍ മഴമുടക്കി, വളഞ്ഞുകുത്തി 13 മണിക്കൂര്‍ വൈകി മദിരാശിയില്‍ എത്തി. ഞങ്ങള്‍ നാട്ടിലേക്ക്‌ ബുക്കുചെയ്തിരുന്ന സീറ്റും കൊണ്ട്‌ ആലപ്പി എക്സ്‌പ്രസ്‌ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. പിറ്റേദിവസത്തെ 'ആലപ്പിയില്‍' തന്നെ നാട്ടിലേക്കു തിരിച്ചു. ഓണത്തിന്‌ നാട്ടിലെത്താം എന്നൊരു മോഹം എനിക്കും അച്ഛനമ്മമാര്‍ക്കും ഉണ്ടായിരുന്നു. ആ മോഹഭംഗം തീര്‍ക്കുവാനായി നാട്ടില്‍ വച്ചും ആഘോഷിച്ചു ഓണം. 3 ദിവസത്തെ പൊരിഞ്ഞ തീറ്റക്കുശേഷം 26-ാ‍ം തിയതി രാവിലെ വീണ്ടും 'ആലപ്പിയില്‍' ഞങ്ങള്‍ മദിരാശിയില്‍ വന്നിറങ്ങി. അന്നുതന്നെ ജോലിക്കു ഹാജരായി. ഇവിടേയും ഉണ്ടായിരുന്നു ഒരു ഓണാഘോഷം. ഓണത്തിന്‌ മദിരാശിയിലുള്ള ഒട്ടുമിക്കവരും തന്നെ നാട്ടിലേക്കു പോകും. അതിനാല്‍ ഇവിടുത്തെ ഓണാഘോഷം മിക്കവാറും വളരെ വൈകിയാണ്‌ പതിവത്രെ. മാവേലി തന്നെ അദ്ദേഹത്തിന്റെ ലീവ്‌ extend ചെയ്തിട്ടാണ്‌ മദിരാശിയിലെ മലയാളികളുടെ ഓണത്തിന്‌ നില്‍ക്കാറ്‌. ഇക്കൊല്ലം സാക്ഷാല്‍ ഓണം കഴിഞ്ഞ്‌, ഒരു മാസവും മൂന്നുദിവസം കഴിഞ്ഞ്‌, ഒക്ടോബര്‍ 18-ാ‍ം തിയതിയാണ്‌ മാവേലിക്ക്‌ ഇവിടെ സ്വീകരണം നല്‍കിയത്‌. സദ്യമോശമായിരുന്നൂച്ചാലും മൊത്തം പരിപാടികള്‍ നന്നായി. അലഹബാദില്‍ നിന്ന് മദിരാശിയിലെത്തിയപ്പോള്‍ നരകത്തില്‍ നിന്ന് ഭൂമിയിലെത്തിയ പോലെയായി (സ്വര്‍ഗ്ഗത്തില്‍ എന്നെഴുതണോ എന്നാലോച്ചിച്ചു, പിന്നെ അത്രക്കങ്ങ്ട്‌ വേണ്ടാന്നു വച്ചു). മദിരാശിയിലെ സംഗീതസഭകളെക്കുറിച്ച്‌ ധാരാളം കേട്ടിരുന്നു. നവരാത്രിപ്രമാണിച്ച്‌ ധാരാളം കച്ചേരികള്‍ പല സ്ഥലങ്ങളിലായി ഉണ്ടായിരുന്നു. എല്ലാത്തിനും പോയില്ലെങ്കിലും, ചിലതിനെല്ലാം പങ്കെടുത്തു. നവംബറില്‍ കച്ചേരികളുടെ season തുടങ്ങിയാല്‍ ജനുവരി പകുതിവരെ കച്ചേരിമയമായിരിക്കും മദിരാശിയില്‍. അതിനു വേണ്ടി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ്‌ ഞങ്ങളിപ്പോള്‍.